arrest

ന്യൂയോർക്ക്: മുത്തശ്ശിയുടെ മൃതദേഹം 16 വർഷം വീട്ടിൽ ഫ്രീസറിൽ സൂക്ഷിച്ച കൊച്ചുമകൾ അറസ്റ്റിലായി. അമേരിക്കയിലെ പെൻസിൽവാനിയയിലാണ് സംഭവം ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് 61കാരിയായ സിന്തിയ ബ്ലാക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2019 ഫെബ്രുവരിയിലാണ് പൊലീസ് സംഭവം കണ്ടെത്തിയത്. കേസിന്റെ അന്വേഷണ റിപ്പോർട്ട് പൂർത്തിയായത് ഇപ്പോഴാണ്.


1906 മെയ് 3ന് ജനിച്ച ഗ്ലെനോറ റെക്കോഡ് ഡെലാഹായ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവർ 2004ൽ 98ാം വയസ്സിലാണ് മരിച്ചത്. എന്നാൽ ഇത് മറച്ചു വെച്ച് കഴിഞ്ഞ 16 വർഷം മുത്തശ്ശിക്ക് കിട്ടാനുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയിലുള്ള തുക വാങ്ങിക്കുകയായിരുന്നു പേരക്കുട്ടി. ഈ വരുമാനം ഒഴിവാക്കാതിരിക്കാൻ വേണ്ടിയാണ് മൃതദേഹം വീടിന് താഴെ രഹസ്യ അറയുണ്ടാക്കി ഫ്രീസറിൽ സൂക്ഷിച്ചത്.

2007 ല്‍ അഡ്‌മോറില്‍നിന്ന് യോര്‍ക്ക് കൗണ്ടിയിലേക്ക് താമസം മാറ്റിയപ്പോള്‍ ഈ ഫ്രീസറും രഹസ്യമായി അവിടേക്ക് കടത്തി.പിന്നീട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ സിന്തിയയുടെ പണയത്തിലായിരുന്ന വീട് നഷ്ടപ്പെടുമെന്ന ഘട്ടത്തിലെത്തി. ഈ സമയം വീട് വാങ്ങാനായി എത്തിയവരാണ് ഫ്രീസറിനുള്ളില്‍ മൃതദേഹം കണ്ടത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ചാണ് പൊലീസ് സംഘം സിന്തിയയെ അറസ്റ്റ് ചെയ്തത്. മൃതദേഹത്തോടുള്ള അനാദരവ്, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. 2001 മുതല്‍ 2010 വരെ ഏകദേശം രണ്ട് ലക്ഷത്തോളം ഡോളര്‍ മുത്തശ്ശിയുടെ പേരില്‍ സാമൂഹിക സുരക്ഷാ പദ്ധതിയില്‍നിന്ന് സിന്തിയ കൈക്കലാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വായ്പ തിരിച്ചടവിനും മറ്റുമാണ് അവര്‍ ഈ പണം ഉപയോഗിച്ചിരുന്നത്. 2010 വരെ സിന്തിയയുടെ മുത്തശ്ശിയുടെ പേരില്‍ പണം കൈമാറിയെന്ന് അധികൃതരും സ്ഥിരീകരിച്ചു..