കൊല്ലം: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടിനുനേരെ കല്ലേറ്, ജനൽ ചില്ലുകൾ തകർന്നു. ആലുംമൂട് വാർഡ് അംഗം കുരീപ്പള്ളി കൈതപ്പുഴ വീട്ടിൽ ബിനിതോമസിന്റെ വീടിനുനേരെയാണ് കല്ലേറുണ്ടായത്. യു.ഡി.എഫ് അംഗമാണ് ബിനി തോമസ്. മെമ്പറുടെ ഭർത്താവ് തോമസ്‌കുട്ടി കൊല്ലം താലൂക്ക് ഓഫീസിലെ ജീവനക്കാരനും എൻ.ജി.ഒ അസോസിയേഷൻ നേതാവുമാണ്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു. ആലുംമൂട് ബോട്ടുജെട്ടി ഭാഗത്ത് വ്യാപകമായി കഞ്ചാവ്, ചാരായം എന്നിവയുടെ വില്പന നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. സാമൂഹ്യവിരുദ്ധരുടെ താവളമായ ഇവിടെ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് മെമ്പർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമാണെന്നാണ് കരുതുന്നത്.