കൊല്ലം: ഉത്ര കേസ് അന്വേഷണത്തിൽ ആരോപണ വിധേയനായ അഞ്ചൽ സി.ഐക്കെതിരെ നടപടിയെടുക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ ആവശ്യപ്പെട്ടു.
ഉത്രയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കൾ സംശയം പ്രകടപ്പിച്ച് മൊഴി നൽകിയിട്ടും അഞ്ചൽ സി.ഐ ഗൗരവത്തിലെടുത്തില്ലെന്നും ഉത്രയുടെ കുട്ടിയെ വിട്ടുകിട്ടാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ഉത്തരവുമായി പിതാവ് അഞ്ചൽ സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ടര മണിക്കൂറോളം നിറുത്തിയതായുമുള്ള രക്ഷിതാക്കളുടെ പരാതി വളരെ ഗൗരവമുള്ളതാണ്. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ എസ്.പി, അഞ്ചൽ എസ്.ഐ, അന്വേഷണസംഘം എന്നിവരുടെ ഭാഗത്തു നിന്ന് ഊർജിതമായ ഇടപെടലുകളാണ് നടന്നിട്ടുള്ളത്. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് വി. അജിവാസ്, മണ്ഡലം കമ്മിറ്റിയംഗം ഹരികൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്.ആർ.അരുൺ ബാബുവും ഉത്രയുടെ വീട് സന്ദർശിച്ചു.