fish

കണ്ടാൽ സുന്ദരനാണെങ്കിലും തൊട്ടുനോക്കിയാൽ അപകടമാണ്.. നിമിഷങ്ങള്‍ക്കുള്ളില്‍ നിറം മാറാനുള്ള കഴിവുമുണ്ട്. ഇങ്ങനെയൊരു അപൂര്‍വയിനം മത്സ്യത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്‌ആര്‍ഐ) ഗവേഷകര്‍ കണ്ടെത്തി. സ്‌കോര്‍പിയോണ്‍ മത്സ്യ വിഭാഗത്തില്‍ പെട്ട വളെര അപൂര്‍വമായ 'ബാന്‍ഡ്‌ടെയില്‍ സ്‌കോര്‍പിയോണ്‍' മത്സ്യത്തെയാണ് തമിഴ്‌നാട്ടിലെ സേതുകരൈ തീരത്ത് നിന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഈ മീനിനെ ജീവനോടെ ലഭിക്കുന്നത്. കടല്‍പുല്ലുകളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കടലിനടിയിലൂടെയുള്ള ഗവേഷണ സഞ്ചാരത്തിനിടെയാണ് കടല്‍പുല്ലുകള്‍ക്കിടയില്‍ നിന്ന് മത്സ്യത്തെ കണ്ടൈടുത്തത്.

ഏറെ സവിശേഷതകളുള്ള ഈ മീന്‍ ഇരപിടിക്കാനും ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുവാനുമാണ് നിറം മാറുന്നത്. ആദ്യ കാഴ്ചയില്‍ പവിഴത്തണ്ട് പോലെ തോന്നിച്ച മീന്‍, ചെറിയ തണ്ടുകൊണ്ട് തൊട്ടപ്പോള്‍ നിറംമാറാന്‍ തുടങ്ങിയതോടെയാണ് അപൂര്‍വയിനം മത്സ്യമാണെന്ന് കണ്ടെത്തിയതെന്ന് സിഎംഎഫ്‌ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ഒറ്റനോട്ടത്തില്‍ മീനാണെന്ന് മനസ്സിലാകാത്ത രീതിയില്‍ ചുറ്റുപാടുകള്‍ക്ക് സാമ്യമുള്ള നിറത്തില്‍ കിടക്കാന്‍ ഇതിന് കഴിയും. പിടിക്കാനുള്ള ശ്രമത്തിനിടയില്‍ വെള്ളത്തിന്റെ നിറത്തിലേക്ക് മാറിയ മീന്‍ നിമിഷ നേരം കൊണ്ട് കറുപ്പും പിന്നീട് മഞ്ഞയും നിരത്തിലേക്ക് മാറി. നട്ടെല്ലില്‍ ശക്തിയേറിയ വിഷമുള്ളത് കൊണ്ടാണ് ഈ മത്സ്യത്തെ സ്‌കോര്‍പിയോണ്‍ എന്ന് വിളിക്കുന്നത്. ഇവയെ സ്പര്‍ശിക്കുന്നത് അപകടകരമാണ്.