ഇ - ക്ളാസ് പ്രവേശനോത്സവം നവ്യാനുഭവം
കൊല്ലം: സ്‌കൂൾ - കോളേജ് വിദ്യാർത്ഥികളുടെ പുതിയ അദ്ധ്യയന വർഷത്തിന് ഓൺലൈൻ ക്ലാസുകളോടെ തുടക്കം. ഉത്സാഹത്തോടെയാണ് പുതിയ പഠന സാദ്ധ്യതകളെ കുട്ടികൾ വരവേറ്റത്. രാവിലെ എട്ടരയ്‌ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനലിലൂടെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കും പ്രത്യേക സോഫ്ട്‌വെയറുകളിലൂടെ കോളേജ് വിദ്യാർത്ഥികൾക്കും ക്ലാസുകൾ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ സന്ദേശത്തോടെയാണ് വിക്ടേഴ്സ് ചാനൽ ക്ലാസുകൾക്ക് തുടക്കമിട്ടത്. രാവിലെ 8.30 മുതൽ 10.30 വരെ പ്ലസ് ടു വിദ്യാർത്ഥികളുടെ ഇംഗ്ലീഷ്, ജോഗ്രഫി, കണക്ക്, കെമിസ്ട്രി ക്ലാസുകളായിരുന്നു. 10.30നാണ് ഒന്നാം ക്ലാസുകാരുടെ ക്ലാസ് തുടങ്ങിയത്. 11 മുതൽ വൈകിട്ട് 5.30 വരെ 9 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ വിവിധ വിഷയങ്ങളിലെ ക്ലാസുകൾ നടന്നു. വൈകിട്ട് ഏഴ് മുതൽ 9 വരെ രാവിലെ നടത്തിയ പ്ലസ് ടു ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്തു. ശനി, ഞായർ ദിവസങ്ങളിൽ അവധിയാണെങ്കിലും ഒന്ന് മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾക്കായി പാഠഭാഗങ്ങൾ പുനഃസംപ്രേഷണം ചെയ്യും. വിക്ടേഴ്സ് ചാനൽ ഫേസ് ബുക്കിലൂടെയും മൊബൈൽ ഓൺലൈനിലൂടെയും ലഭ്യമായിരുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കോളേജുകളിലും സാങ്കേതിക സ്ഥാപനങ്ങളിലും സൂം, ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്ട് ടീം തുടങ്ങിയ സോഫ്ട്‌വെയറുകൾ ഉപയോഗിച്ചാണ് ക്ലാസുകൾ നടത്തിയത്. ക്ലാസുകൾ റെക്കോർഡ് ചെയ്ത് വെബ്സൈറ്റുകൾ വഴിയും കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്. വീട്ടിൽ സൗകര്യമില്ലാത്ത കുട്ടികൾക്ക് അടുത്തുള്ള കോളേജുകൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ ക്ലാസ് ലഭ്യമാക്കാൻ അവസരമൊരുക്കിയിരുന്നു. സ്വകാര്യ സി.ബി.എസ്.ഇ - ഐ.സി.എസ്.ഇ സ്കൂളുകൾ എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള തങ്ങളുടെ കുട്ടികൾക്കായി പ്രത്യേക സോഫ്‌ട്‌വെയറുടെ സഹായത്തോടെ ക്ലാസുകൾ തുടങ്ങി. രക്ഷിതാക്കളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ക്ലാസുകളുടെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാക്കിയ സ്കൂളുകളുമുണ്ട്.
പലപ്പോഴും കറന്റ് ചതിച്ചു
അദ്ധ്യയന വർഷത്തിന്റെ ആദ്യദിനത്തിൽ പാഠഭാഗങ്ങൾ ഉൾക്കൊള്ളാൻ കുട്ടികൾ ആവേശത്തോടെ വിക്ടേഴ്സ് ചാനലിന് മുന്നിലിരുന്നെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി വൈദ്യുതി മുടങ്ങി. ഇതോടെ ക്ലാസുകളുടെ തുടർച്ച പല കുട്ടികൾക്കും നഷ്ടമായി.
ഇവർക്ക് ഓൺലൈൻ ഓഫാണ്
1. ആദിവാസി മേഖലയിലെ കുട്ടികൾ
2. സാമൂഹിക സാഹചര്യം അനുകൂലമല്ലാത്തവർ
3. സാമ്പത്തികമായുള്ള പാന്നാക്കാവസ്ഥ
4. ആധുനിക സാങ്കേതിക സൗകര്യങ്ങൾ ലഭ്യമല്ലാത്തവർ
5. ജില്ലയിൽ ടി.വി പോലും ഇല്ലാത്ത വീടുകളിലുള്ളവർ
''
വലിയ ശതമാനം വിദ്യാർത്ഥികൾക്കും പഠന സൗകര്യങ്ങളില്ല. ഓൺലൈൻ ക്ലാസുകൾ അധിക ക്ലാസുകളായി പരിഗണിക്കണം. ഹാജർ നിർബന്ധിതമാക്കരുത്. ഇന്റേർണൽ മാർക്കിന്റെ മാനദണ്ഡമായി പരിഗണിക്കരുത്.
ആദർശ്.എം. സജി
എസ്.എഫ്.ഐ
സംസ്ഥാന വൈസ് പ്രസിഡന്റ്
''
വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ ലഭിച്ചു. ക്ലാസുകളുടെ പനഃസംപ്രേഷണവും കണ്ടു. പുതിയൊരു അനുഭവമാണ് ടി.വിയിലെ ക്ലാസുകൾ.
എം. അപർണ
പ്ലസ് ടു വിദ്യാർത്ഥി