theft

ലോക്ക്ഡൗണിൽ കുടുങ്ങിയ കുടുംബത്തെ നാട്ടിലെത്തിക്കാൻ മറ്റൊരുവഴിയും ഇല്ലാതെ ദുരിതത്തിലായ യുവാവ് ബൈക്ക് മോഷ്ടിച്ചു. രണ്ടാഴ്ച്ചയ്ക്ക് ശേഷം ബൈക്ക് ഉടമയ്ക്ക് തന്നെ പാർസൽ ചെയ്ത് നൽകി. തമിഴ്നാട്ടിലാണ് സംഭവം. കോയമ്പത്തൂരിൽ ചായക്കട നടത്തുന്ന യുവാവിനാണ് കടുംകൈ ചെയ്യേണ്ടി വന്നത്.


മേയ് 18 നാണ് പ്രശാന്ത് എന്ന യുവാവ് ബൈക്ക് മോഷ്ടിക്കുന്നത്. ഭാര്യയേയും രണ്ട് കുട്ടികളേയും നാട്ടിലെത്തിക്കാൻ മറ്റ് വാഹനങ്ങളൊന്നും ലഭിക്കാതായതോടെ ഇയാൾ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തഞ്ചാവൂരിലെ മന്നാർഗുഡിയിലാണ് കുടുംബത്തെ എത്തിക്കേണ്ടിയിരുന്നത്.
സുരേഷ് കുമാർ എന്നയാളിന്റെ ബൈക്കുമെടുത്തായിരുന്നു യാത്ര. ബൈക്ക് കാണാനില്ലെന്ന് കാട്ടി സുരേഷ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ ഡ്യൂട്ടിയിലായതിനാൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.ദിവസങ്ങൾക്ക് ശേഷം ബൈക്ക് മറ്റൊരാൾ എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുമായി സുരേഷ് വീണ്ടും പൊലീസിന്റെ മുന്നിലെത്തി. ആളെ തിരിച്ചറിഞ്ഞതോടെ പ്രശാന്തിന്റെ വീട്ടിലേക്ക് സുരേഷ് കുമാർ എത്തിയെങ്കിലും നാട്ടിലേക്ക് പോയി എന്നാണ് അറിയാൻ കഴിഞ്ഞത്.


മന്നാർഗുഡിയിലെ പ്രശാന്തിന്റെ അഡ്രസ് ലഭിക്കാൻ സുരേഷ് ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ബൈക്ക് ഇനി തിരിച്ചുകിട്ടില്ലെന്ന് സുരേഷ് കുമാറും കരുതി. ഇതിനിടെ അപ്രതീക്ഷിതമായി മേയ് 29 ന് പാർസൽ ഓഫീസിൽ നിന്ന് സുരേഷിന് ഒരു ഫോൺ വന്നു.ഇതോടെയാണ് ട്വിസ്റ്റ് ആരംഭിക്കുന്നത്, പാർസൽ ഓഫീസിലെത്തിയ സുരേഷിനെ കാത്തിരുന്നത് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വന്തം ബൈക്ക്!. ബൈക്കിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ അഡ്രസിലേക്ക് പ്രശാന്ത് പാർസൽ ചെയ്യുകയായിരുന്നു. ബൈക്ക് തിരിച്ചു കിട്ടിയെങ്കിലും പാക്കേജിങ് ഫീസ്, ലഗ്ഗേജ് ഇനത്തിൽ 1,400 രൂപ സുരേഷിന് ചെലവായി.എങ്കിലും ബൈക്ക് കിട്ടിയ സന്തോഷത്തിലാണ് സുരേഷ്. ബൈക്ക് മോഷ്ടിച്ച കേസ് മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്നും സുരേഷ് അറിയിച്ചു.