fishermen
മത്സ്യത്തൊഴിലാളികൾ രണ്ടുതട്ടിൽ

 ട്രോളിംഗ് നിരോധനത്തിന് എട്ടുനാൾ

കൊല്ലം: ലോക്ക് ഡൗണും ശക്തമായ കാറ്റും മഴയും പ്രതിസന്ധിയിലാക്കിയ മത്സ്യബന്ധന മേഖല വീണ്ടും വറുതിയിലേക്ക് നീങ്ങുന്നു. ജില്ലയിലെ പകുതിയോളം മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഇതോടെ കടുത്ത ദാരിദ്ര്യത്തിലാകും.

ലോക്ക് ഡൗൺ കാരണം രണ്ട് മാസക്കാലത്തോളം ബോട്ടുകൾക്ക് കടലിൽ പോകാൻ കഴിയാതിരുന്ന സാഹചര്യത്തിൽ ട്രോളിംഗ് നിരോധന കാലയളവിൽ ചെറിയ ഇളവ് അനുവദിക്കണമെന്ന് ഒരുവിഭാഗം മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്.

ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ട്രോളിംഗ് ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് മാർച്ച്, ഏപ്രിൽ മാസങ്ങളിലാണെന്നാണ് ഇവർ പറയുന്നത്. ഈ കാലയളവിലാണ് ആഴക്കടൽ മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നത്. ഇത്തവണ ഈ കാലയളവിൽ ലോക്ക് ഡൗൺ കാരണം ബോട്ടുകൾ കടലിൽ പോയിരുന്നില്ല. അതിനാലാണ് മത്സ്യലഭ്യത വർദ്ധിച്ചത്. എന്നാൽ ശക്തമായി നടപ്പാക്കണമെന്ന നിലപാടിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.

''

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ അതേപടി നടപ്പിലാക്കണം. മത്സ്യ സമ്പത്തിന്റെ സംരക്ഷണത്തിന് പ്രജനന കാലത്ത് നിയന്ത്രണങ്ങൾ അനിവാര്യമാണ്.

എച്ച്. ബെയ്സിൽ ലാൽ

മത്സ്യത്തൊഴിലാളി യൂണിയൻ- സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്

"

ട്രോളിംഗ് നിരോധനം അനിവാര്യമാണ്. ഇളവ് വരുത്തേണ്ട സാഹചര്യം നിലവിലില്ല. ഈമാസം 15 മുതൽ ഇത്തവണ ദേശീയതലത്തിലും ട്രോളിംഗ് നിരോധനം നിലവിൽ വരികയാണ്.

പി. പ്രകാശ്, മത്സ്യത്തൊഴിലാളി സംഘം- ബി.എം.എസ്

ദേശീയ ജനറൽ സെക്രട്ടറി

''

കടൽ ശാന്തമായാൽ മത്സ്യ സമ്പത്ത് പെരുകുമെന്നതിന്റെ തെളിവാണ് ലോക്ക് ഡൗണിന് ശേഷം ആവശ്യം പോലെ മത്സ്യം ലഭിച്ചത്. ട്രോളിംഗ് നിരോധനം ശാസ്ത്രീയമാണ്.

സുഭാഷ് കലവറ, ഇന്ത്യൻ സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ -

ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്

''

ട്രോളിംഗ് നിരോധനത്തിന്റെ ആവശ്യമില്ല. പ്രജനനം കൃത്യമായി നടന്നതിനാലാണ് കടലിൽ പോകുന്ന ബോട്ടുകൾക്ക് ആവശ്യം പോലെ മത്സ്യം ലഭിക്കുന്നത്.

പീറ്റർ മത്യാസ്, ആൾ കേരള ഫിഷിംഗ് ബോട്ട്

ഓപ്പറേറ്റേഴ്സ് അസോ. സംസ്ഥാന പ്രസിഡന്റ്