പത്തനാപുരം: അർദ്ധരാത്രി ചക്ക തിന്നാനിറങ്ങിയ ആനയെ തുരത്താൻ പുറപ്പെട്ട പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഒറ്റയാന്റെ ആക്രമണത്തിൽ പരിക്കേറ്റു. കലഞ്ഞൂർ ഗ്രാമപഞ്ചായത്തംഗം സലാം മൻസിലിൽ സജീവ് റാവുത്തർ (42), പൂമരുതിക്കുഴി അരുണോദയത്തിൽ രാജേന്ദ്രൻ (50) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് പൂമരുതിക്കുഴി ജംഗ്ഷനിലേക്ക് ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് അപ്രതീക്ഷിതമായി ഒറ്റയാന്റെ മുന്നിൽപ്പെട്ടത്. റോഡരികിൽ ചക്ക തിന്നുകൊണ്ടുനിന്ന ഒറ്റയാൻ പെടുന്നനെ മുന്നോട്ട് വന്ന് തുമ്പിക്കൈ വീശി ഇരുചക്രവാഹനം അടിച്ചിട്ടു. റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ഇരുവരും പ്രാണരക്ഷാർത്ഥം കുത്തനെയുള്ള ഇറക്കത്തിലേക്ക് ഓടി. ആന പിന്നാലെ ഓടിയെങ്കിലും ഇറക്കമായതിനാൽ തിരികെപ്പോയി. ഇതിനിടെ കരിങ്കല്ലിൽ തട്ടിവീണ് രാജേന്ദ്രന് തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റു. രാജേന്ദ്രന്റെ ദേഹത്തുതട്ടിവീണ സജീവ് റാവുത്തർക്ക് കാലിനും ചെവിക്കുമാണ് പരിക്കേറ്റത്. കാട്ടാന പിൻമാറിയതോടെ നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയിൽ കൊണ്ടുപോയി.
രാജേന്ദ്രന്റെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജീവിനെ കോന്നിയിലെ സർക്കാർ ആശുപത്രിയിലും. ആനയിറങ്ങുന്നത് സ്ഥിരം സംഭവമായതിനാൽ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു.