കരുനാഗപ്പള്ളി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഒച്ചയും ആരവങ്ങളുമില്ലാതെ സ്കൂളുകളിൽ ഇന്നലെ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായാണ് കുട്ടികളില്ലാതെ പുതിയ അദ്ധ്യയന വർഷത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത്. പ്രഥമാദ്ധ്യാപകരും വിരലിൽ എണ്ണാവുന്ന ഏതാനും അദ്ധ്യാപകരും രക്ഷിതാക്കളും മാത്രമാണ് ഇന്നലെ സ്കൂളുകളിൽ എത്തിയത്. നവാഗതരെ സ്വാഗതം ചെയ്തു കൊണ്ടുള്ള ബാനറുകളോ പോസ്റ്ററുകളോ ഇക്കുറി സ്കൂളുകളിൽ ഉയർത്തിയിരുന്നില്ല. വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ അഭാവവും പ്രകടമായിരുന്നു.