mahesh

തെലുങ്ക് സിനിമ ലോകത്ത് ഏറ്റവും ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് മഹേഷ് ബാബു.കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ താരം ആരാധകരുമായി സംവദിച്ചിരുന്നു. അതിനിടെ വന്ന ഒരു ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ആരോടെങ്കിലും പ്രണയമുണ്ടോ എന്നായിരുന്നു ആരാധകന് അറിയേണ്ടിയിരുന്നത്. 26ാം വയസിലെ തന്റെ പ്രണയത്തെക്കുറിച്ചാണ് താരം പറഞ്ഞത്. 26ാം വയസില്‍ എനിക്കൊരു പ്രണയമുണ്ടായിരുന്നു, പിന്നീട് ഞാന്‍ അവളെ വിവാഹം ചെയ്തു-,നടിയും താരത്തിന്റെ ഭാര്യയുമായ നമ്രത ഷിറോദ്കറിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി.

വാംശി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് നമ്രതയുമായി മഹേഷ് പരിചയമാകുന്നത്. അഞ്ചുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. മഹേഷ് ബാബുവിനെക്കാളും നാല് വയസ്സ് മുതിര്‍ന്നതാണ് നമ്രത. അതുകൊണ്ടു തന്നെ വിവാഹത്തിന് ഇരുവരുടേയും കുടുംബത്തിന്റെ സമ്മതം ലഭിക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു.

2005ല്‍ മുംബൈയിലെ മാരിയറ്റില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. മഹേഷ്‌ നമ്രത ദമ്പതിമാര്‍ക്ക് രണ്ടു മക്കളാണ് ഉള്ളത്. വളരെ സട്രിക്‌ട് ആയ ഒരു അമ്മയാണ് നമ്രതയെന്നും, താന്‍ മക്കളെ വഷളാക്കുന്നത് കാരണം അവള്‍ സ്ട്രിക്‌ട് ആകുന്നതാണ് നല്ലതെന്നും മഹേഷ് ബാബു മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ കുടുംബമാണ് തന്റെ ഏറ്റവും വലിയ ശക്തി. താന്‍ തളര്‍ന്നു പോയപ്പോഴൊക്കെ കുടുംബം ശക്തി പകര്‍ന്ന് നില്‍ക്കാറുണ്ടെന്നും മഹേഷ്‌ ബാബു പറയുന്നു. മഹേഷിന്റെയും കുട്ടികളുടേയും കാര്യങ്ങള്‍ നോക്കി സന്തോഷത്തോടെ കുടുംബജീവിതം നയിക്കുകയാണ് നമ്രത ഇപ്പോള്‍.

മക്കള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ മഹേഷ് ബാബു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഫെബ്രുവരിയിലാണ് ഇരുവരും 15ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.1998 മുതല്‍ 2004 വരെ സിനിമാ രംഗത്ത് സജീവമായ നമ്രത പ്രശസ്ത മറാത്ത നടി മീനാക്ഷി ശിരോദ്കറിന്റെ കൊച്ചുമകളാണ്. ബോളിവുഡ് ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നമ്രത മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്..