രജിസ്ട്രേഷൻ പൂർത്തിയായിട്ടും നാട്ടിലേക്ക് മടങ്ങാനായില്ല
കൊല്ലം: നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ നഗരത്തിൽ രണ്ടിടത്ത് പൊലീസ് ലാത്തിവീശി. ഇന്നലെ വൈകിട്ട് ആറോടെ കൊല്ലത്ത് നിന്ന് പശ്ചിമബംഗാളിലേക്ക് പോയ പ്രത്യേക ട്രെയിനിൽ യാത്രാ സൗകര്യം ലഭിക്കാതിരുന്ന തൊഴിലാളികളാണ് പ്രതിഷധവുമായി ഒത്തുകൂടിയത്. ഇന്നലെ രാവിലെ 9 ന് കളക്ടറേറ്റിന് മുന്നിലാണ് തൊഴിലാളികൾ സംഘടിച്ചത്. ഇവരെ അനുനയിപ്പിച്ച് പിരിച്ചുവിട്ടെങ്കിലും വൈകാതെ തോപ്പിൽ കടവിന് സമീപം വീണ്ടും ഒത്തുകൂടി. തൊഴിലാളികളുടെ എണ്ണം അമ്പതിൽ നിന്ന് നൂറിലേക്ക് ഉയർന്നതോടെ വെസ്റ്റ് സി.ഐ ജി.രമേശിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി. മത്സ്യബന്ധന മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളായിരുന്നു ഇവിടെ സംഘടിച്ചവരിൽ അധികവും. ജൂൺ 9 ന് ട്രോളിംഗ് നിരോധനം ആരംഭിക്കുമ്പോൾ തങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും കരാറുകാർ താമസ സൗകര്യവും ഭക്ഷണവും നൽകില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. അനുനയിപ്പിച്ച് പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും തൊഴിലാളികൾ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഇതോടെ പൊലീസ് ലാത്തി വീശി. പൊലീസിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ മറിഞ്ഞുവീണും ലാത്തിയടിയേറ്റും നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു.
ഉച്ചയ്ക്ക് ശഷം രണ്ടരയോടെ കൊട്ടിയം, ഉമയനല്ലൂർ ഭാഗങ്ങളിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മറ്റൊരു സംഘവും റെയിൽവേ സ്റ്റേഷന് സമീപം സംഘടിച്ചു. സ്പെഷ്യൽ ട്രെയിനിൽ തങ്ങൾക്കും യാത്രാനുമതി നൽകണമെന്ന് ആവശ്യപ്പെട്ടെത്തിയ ഇവരെ ഈസ്റ്റ് പൊലീസ് ലാത്തി വീശി ഓടിച്ചു.
തൊഴിലാളി ക്യാമ്പുകളിൽ അസ്വസ്ഥത
ജില്ലയിൽ നിന്ന് പശ്ചിമബംഗാളിലേക്ക് ആദ്യ ട്രെയിൻ പോയ ദിവസവും യാത്രാനുമതി ലഭിക്കാതിരുന്ന തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. പൊലീസ് കർശന നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ അസ്വസ്ഥത പുകയുകയാണ്. ജില്ലയിലെ ഇരുപതിനായിരത്തിലേറെ തൊഴിലാളികളിൽ പകുതി പേരും നാട്ടിലേക്ക് മടങ്ങാൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചവരാണ്. തൊഴിലും വരുമാനവും ഇല്ലാതെ ഇവിടെ തങ്ങാൻ കഴിയാതെ വന്നതോടെയാണ് നാട്ടിലേക്ക് മടങ്ങാൻ ഇവർ നിർബന്ധിതരായത്. മടങ്ങാൻ കഴിയാത്ത തൊഴിലാളികളുടെ അസംതൃപ്തി ക്രമസമാധന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക പൊലീസിനുണ്ട്. ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ തൊഴിലാളികൾ മടങ്ങുന്നത് പശ്ചിമ ബംഗാളിലേക്കാണ്.