photo

കൊല്ലം: പാലക്കാട് നിന്നും ചില്ലറവില്പനയ്ക്കായി കാറിൽ കൊണ്ടുവന്ന ആറര കിലോ കഞ്ചാവും 12 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കൊട്ടാരക്കര നെല്ലിക്കുന്നം കൊച്ചാലുംമൂട് മുബാറക് മൻസിലിൽ ഇസഹാകിനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഐ ട്വന്റി കാറിലാണ് പ്രതി കഞ്ചാവും മദ്യവുമായി വന്നത്. റൂറൽ എസ്.പി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നർക്കോട്ടിക് വിം​ഗ് ഉദ്യോ​ഗസ്ഥരായ എസ്.ഐ.ബാബുക്കുറുപ്പ്, ശിവശങ്കരപിള്ള, എ.എസ്.ഐ മാരായ അജയകുമാർ, രാധാകൃഷ്ണപിള്ള, ആഷിഷ് കോഹൂർ, ബിനു.സി.എസ്, സജി ജോൺ സി.പി.ഒ മാരായ സലിൽ, ശ്യാംകുമാർ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയതത്.

കൊട്ടാരക്കര തഹസീൽദാർ എ.തുളസീധരൻ പിള്ള, കൊട്ടാരക്കര സി.ഐ പ്രശാന്ത്, എസ്.ഐ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു. ലോക്ക്ഡൗൺ കാലത്ത് കഞ്ചാവ് ചില്ലറ വിൽപ്പന തുടങ്ങിയതാണ് ഇസഹാക്. ഓടനാവട്ടം, മുട്ടറ, പൂയപ്പള്ളി, ഉമ്മന്നൂർ, കുടവട്ടൂർ ഭാഗങ്ങളിലായിരുന്നു വിൽപ്പന. ആദ്യ കച്ചവടത്തിൽ ലാഭം നല്ല രീതിയിൽ ലഭിച്ചതോടെ വിൽപ്പന കൂടുതൽ സജീവമാക്കാനാണ് പാലക്കാട് മണ്ണാർകാട് പോയി കഞ്ചാവും വിദേശ മദ്യവും കൊണ്ടുവന്നത്.