police
പൊലീസ്

കൊല്ലം: ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കി. ഇന്നലെ ജില്ലയിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെ കേസെടുത്തു. സാനിറ്റൈസർ, ഹാൻഡ് വാഷിംഗ് കോർണർ എന്നിവ എല്ലാ വ്യാപാര കേന്ദ്രങ്ങളിലും ഒരുക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. ഇതിനൊപ്പം ജീവനക്കാർ മാസ്ക് ധരിക്കുകയും കടയിലെത്തുന്ന ഉപഭോക്താക്കളിൽ സാമൂഹിക അകലം ഉറപ്പ് വരുത്തുകയും വേണം. ഇത്തരം പ്രതിരോധ നിർദേശങ്ങൾ അവഗണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങൾ, മത്സ്യ ചന്തകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം ഉറപ്പാക്കാൻ കഴിയുന്നില്ലെന്ന പരാതി ആരോഗ്യ വകുപ്പ് ഗൗരവമായാണ് പരിഗണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന കർശനമാക്കിയെങ്കിലും പലയിടത്തും പ്രതിരോധങ്ങളോട് സഹകരിക്കാൻ ചിലർ തയ്യാറാകുന്നില്ല.