കൊല്ലം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച 12 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. നേരിയ നിർജലീകരണം മാത്രമാണ് വിക്ടോറിയ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിൽ എത്തുമ്പോൾ ഉണ്ടായിരുന്നത്. മെഡിക്കൽ കോളേജിലെ ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റിൽ പരിചരിച്ച് നിർജലീകരണം മാറ്റിയിട്ടുണ്ടെന്നും ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള മറ്റ് അസ്വസ്ഥതകൾ ഇല്ലെന്നും ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് പുറപ്പെടുവിച്ച മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. കുട്ടിക്ക് പ്രത്യേക പരിഗണനയും പരിചയസമ്പന്നയായ ഒരു നിയോനാറ്റൽ കെയർ നഴ്സിന്റെ പരിചരണവും നൽകുന്നുണ്ട്. പ്രത്യേക സംവിധാനത്തിൽ എടുത്ത മുലപ്പാലാണ് നൽകുന്നത്. ആദ്യ സ്രവ പരിശോധന പോസിറ്റീവായിരുന്നു. ആയതിനാൽ നവജാത കൊവിഡ് ശിശുക്കൾക്ക് നൽകുന്ന കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് പരിചരിക്കുന്നത്.