കൊല്ലം: ഉത്ര വധക്കേസിൽ ഗുഢാലോചന പുറത്തുകൊണ്ടുവരാൻ സൂരജിന്റെ അച്ഛൻ സുരേന്ദ്രന്റെ അറസ്റ്റ് ബലമാവുമെന്ന് നിയമജ്ഞർ. ആദ്യം മുതലേ പൊലീസിന് സംശയം തോന്നിയിരുന്നതിനാൽ സുരേന്ദ്രൻ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച ലോക്കർ പരിശോധിച്ചതിനെ തുടർന്നുണ്ടായ സംശയമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഉത്രയ്ക്ക് കൊടുത്ത സ്വർണത്തിൽ 51 പവൻ ഉത്രയുടെ അച്ഛന് തിരികെ നൽകിയെന്നും ഇത് വിറ്റ് ബാങ്കിലിട്ടിരിക്കുകയാണെന്നും ഇതിന്റെ പലിശയായാണ് മാസാമാസം 8,000 രൂപ തന്നിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു.സൂരജിന്റെയും അച്ഛന്റെയും മൊഴികളിലെ വ്യത്യാസവും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു. മറ്റ് കുടുംബാംഗങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.