photo
പത്തനാപുരം ഗാന്ധിഭവനിൽ ലോകക്ഷീരദിനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജു നിർവ്വഹിക്കുന്നു

കൊല്ലം: സംസ്ഥാനത്ത് പിറന്നുവീഴുന്ന ഓരോ പശുക്കുട്ടിയെയും സർക്കാർ ദത്തെടുക്കുന്ന പദ്ധതി വിജയകരമാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ഇതിലൂടെ അടുത്ത ഒരു വർഷത്തിനുള്ളിൽ കറവ കൂടിയ ഒരു ലക്ഷം പശുക്കളെ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനിൽ ലോകക്ഷീരദിനത്തിന്റെ ഉദ്ഘാടനം അന്തേവാസികളോടൊപ്പം പാൽ കുടിച്ച് നിർവഹിക്കുകയായിരുന്നു മന്ത്രി. ഓരോ പശുക്കിടാവിനും പ്രസവിക്കുന്നതുവരെ പകുതി നിരക്കിൽ കാലിത്തീറ്റ നൽകും. കൊവിഡാനന്തര കേരളത്തിനായി പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയിലൂടെയും പശുക്കളെ നൽകുന്നതോടെ കേരളം പാലുൽപ്പാദനത്തിൽ മികച്ച സംസ്ഥാനമാകുമെന്ന് മന്ത്രി പറഞ്ഞു.


മൃഗസംരക്ഷണ മേഖലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ക്ഷീര കർഷകർക്കുള്ള ക്ഷേമ പെൻഷൻ 500 രൂപയിൽ നിന്ന് 1,300 രൂപയായി വർദ്ധിപ്പിച്ചു. ചിറയിൻകീഴിലും കാസർകോടും കിടാരി പാർക്കുകളും മലബാർ മേഖലയിൽ 7.5 കോടി രൂപ ചെലവിൽ പാൽപ്പൊടി ഫാക്ടറിയും സ്ഥാപിക്കും. ക്ഷീര

ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ഗാന്ധി ഭവന് നൽകിയ പശുവിനെയും കിടാവിനെയും മന്ത്രി കൈമാറി. ക്ഷീര കർഷകർക്ക് ഓൺലൈൻ പാൽ വിപണനത്തിനും പാൽ ഉപഭോക്താക്കൾക്ക് നല്ല പാൽ കിട്ടാനും ഉതകുന്ന ക്ഷീര ദൂതൻ ആപ്പും മന്ത്രി പുറത്തിറക്കി.


വെറ്ററിനറി അസോസിയേഷൻ പ്രസിഡന്റ ഡോ.കെ.കെ തോമസ് അദ്ധ്യക്ഷനായി. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ.എം.ആർ.ശശീന്ദ്രനാഥ്, പി ആർ.ഒ ഡോ.ഡി.ഷൈൻകുമാർ, മിൽമ ചെയർമാൻ കല്ലട രമേശ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.സി. മധു, ഡോ. ഡി. സുഷമ കുമാരി, അഡ്വ. എസ്. വേണുഗോപാൽ, ഗാന്ധി ഭവൻ വൈസ് ചെയർമാൻ പി.എസ് അമൽ രാജ് എന്നിവർ പങ്കെടുത്തു.