photo
ആനയടി പ്രസാദ്

കൊല്ലം: ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങി, ഇനി ആനയടി പ്രസാദിന്റെ ലോകം സംഗീതസാന്ദ്രം! രണ്ടായിരത്തോളം വേദികളിൽ സംഗീത കച്ചേരി അവതരിപ്പിച്ചിട്ടുള്ള ഈ സംഗീത പ്രതിഭ കൊല്ലം ഡയറ്റിലെ അദ്ധ്യാപക വേഷമാണ് അഴിച്ചുവച്ചത്. ശൂരനാട് ആനയടി ഗ്രാമത്തിന് ശാസ്ത്രീയ സംഗീതത്തിന്റെ അസ്തിത്വം ചാർത്തി നൽകിയ ചെറുകണ്ടാളത്തിൽ കുടുംബാംഗമാണ് പ്രസാദ്. ഭജനകളിലൂടെ പ്രസിദ്ധനായ നാരായണനും സംഗീതജ്ഞനായ ജേഷ്ഠൻ പങ്കജാക്ഷനുമാണ് പ്രസാദിന് സംഗീതത്തിന്റെ ബാലപാഠങ്ങൾ പകർന്നുകൊടുത്തത്. ആനയടി നരസിംഹ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം, നെയ്യാറ്റിൻകര വാസുദേവൻ ഉൾപ്പടെ പ്രമുഖരുടെ കീഴിൽ ശാസ്ത്രീയ സംഗതം അഭ്യസിച്ച് ഹൃദയത്തോട് ചേർത്തു. മ്യൂസികിൽ എം.എ പാസായ ശേഷം ഗാനപ്രവീണയും നേടി. ചെമ്പൈ സംഗീതോത്സവത്തിൽ സ്ഥിരമായി കച്ചേരി അവതരിപ്പിക്കാറുള്ള ആനയടി പ്രസാദിന് കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പദവിയും ലഭിച്ചു.

പോരുവഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപകനായി സർക്കാർ സർവീസിലെത്തി. പിന്നീട് ഡയറ്റ് ലക്ചററായി. 22 വർഷക്കാലമാണ് ചെങ്ങന്നൂർ, കൊല്ലം ഡയറ്റുകളിലായി സേവനമനുഷ്ഠിച്ചത്. കരിക്കുലം നിർമാണം, പാഠപുസ്തക നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് ദീർഘനാൾ പ്രവർത്തിച്ചു. ഇൻ സർവീസ്, പ്രീ സർവീസ് വിഭാഗങ്ങളിലെ അദ്ധ്യാപകരുടെ പരിശീലകനായും ടി.ടി.സി, ഡി.എഡ്, ഡി.ഐ.എഡ് കോഴ്സുകളിലെ അദ്ധ്യാപക വിദ്യാർത്ഥികൾക്ക് വഴികാട്ടിയായും പ്രവർത്തിച്ചു. ഔദ്യോഗിക തിരക്കുകൾക്കിടയിലും സംഗീത കച്ചേരികൾക്കായി അദ്ദേഹം സമയം കണ്ടെത്തി. കച്ചേരികൾ അധികവും രാത്രികളിലായതിനാൽ സമയത്തിന്റെ ബുദ്ധിമുട്ടുകൾ വലിയ തോതിൽ ബാധിച്ചില്ല. വിദേശ രാജ്യങ്ങളിലടക്കം കച്ചേരികൾ അവതരിപ്പിക്കാനുള്ള ഭാഗ്യവുമുണ്ടായി. ഭാമിനി കലാലയം എന്ന പേരിൽ കൊട്ടാരക്കരയിലും കൊല്ലത്തും കലാ പഠന കേന്ദ്രവും തുടങ്ങി. സർക്കാർ സർവീസിലായിരുന്നതിനാൽ ഇതിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാൻ പരിമിതികൾ ഉണ്ടായിരുന്നു. ഇനി പരിമിതികളില്ലാത്ത സംഗീത ലോകത്തേക്ക് നിറ സാന്നിദ്ധ്യമാകാനൊരുങ്ങുകയാണ് ആനയടി പ്രസാദ്. ഡയറ്റ് ലക്ചറർ എന്ന നിലയിലല്ലാതെ സംഗീത മേഖലയിലും നൂറുകണക്കിന് ശിഷ്യ സമ്പത്തുണ്ട്. ഏഴ് തിരിയിട്ട് നിറഞ്ഞുകത്തുന്ന നിലവിളക്കുപോലെയാണ് സംഗീത ലോകത്ത് ആനയടി പ്രസാദിന്റെ കുടുംബവും. മക്കളും ആ പാരമ്പര്യത്തിന്റെ മൂല്യം കൈവിടാതെ സംഗീത ലോകത്ത് തിളങ്ങുന്നതാണ് പ്രസാദിന്റെ മറ്റൊരു സൗഭാഗ്യം.