കൊല്ലം: ഡൽഹി- ഹരിയാന അതിർത്തിയിലെ മെദാന്ത മെഡിസിറ്റി ആശുപത്രിയിൽ നിന്നും ഇറ്റലിക്കാരായ പതിനാെന്ന് കൊവിഡ് രോഗികൾ രോഗമുക്തരായി യാത്രയായപ്പോൾ അതീവ സന്തോഷത്തിലായിരുന്നു ബിസ്മി സ്കറിയയും കൂട്ടരും. ഹരിയാന ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലെ ഓരോ ജീവനക്കാരും ആ സന്തോഷം പങ്കിട്ടു.
ഡോ.സുശീലാ കറ്റാറിയ, ഡോ. യാറ്റിൻ മെഹ്ദയ്ക്കും ടീമിനും വലിയ പ്രോത്സാഹനവും പൊതുസമൂഹത്തിൽ നിന്ന് ലഭിച്ചു. അന്നത്തെ സന്തോഷത്തിന് അധികനീളമുണ്ടായിരുന്നില്ല. രോഗികളെ പരിചരിച്ച ഡോക്ടർമാരെയും നഴ്സുമാരെയും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ വ്യാഴാഴ്ച ബിസ്മിയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ഒട്ടേറെ സ്വപ്നങ്ങളുമായി മാലാഖക്കുപ്പായമിട്ട പുനലൂർ നെല്ലിപ്പള്ളി തുമ്പോട് ക്രിസ്റ്റി വില്ലയിൽ ബിസ്മി സ്കറിയായ്ക്ക് ഇനി തനിക്ക് തിരിച്ചുപോക്കിന് കഴിയില്ലെന്ന് ഉറപ്പിച്ചു.
മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സ്വയം ഇല്ലാതാകാനുള്ള ശ്രമമാണ് 28ന് ഉച്ചയോടെ നടത്തിയത്. കിടപ്പ് മുറിയിലെ ക്വാറന്റൈൻ ശ്വാസംമുട്ടിച്ചപ്പോൾ തൂങ്ങി മരിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വരം കേട്ട് കൂട്ടുകാരെത്തി താഴെയിറക്കി ജീവൻ തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും ഇന്നലെ രാത്രി പത്ത് മണിയോടെ ബിസ്മി യാത്രയായി. മകളെ ഒരുനോക്ക് കാണാൻ കാത്തിരുന്നവർ രാത്രി വൈകി അറിഞ്ഞത് വിയോഗ വാർത്തയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ ഗുരുഗ്രാമിൽത്തന്നെ സംസ്കാരം നടത്താനാണ് തീരുമാനം. അബുദാബിയിലായിരുന്ന പിതാവ് സ്കറിയ മാത്യു നാട്ടിലെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ ക്വാറന്റയിനിലാണ് ഇദ്ദേഹം.