വുഡാബെ എന്ന ആഫ്രിക്കന്‍ ഗോത്ര വര്‍ഗ്ഗക്കാർ ദേശങ്ങള്‍ താണ്ടി ജീവിക്കുന്നവരാണ്. വടക്കന്‍ നൈജര്‍, വടക്കന്‍ നൈജീരിയ, കാമറൂണിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍, തെക്ക് പടിഞ്ഞാറന്‍ ചാദ്, മധ്യ ആഫ്രിക്കന്‍ മേഖലയുടെ പടിഞ്ഞാറന്‍ ഭാഗം, കോംഗോയുടെ വടക്കുകിഴക്കന്‍ ഭാഗം എന്നീവിടങ്ങളിലായി ഇവരെ കാണാനാകും. എവിടെപോയാലും സെപ്തംബർ മാസം ആകുമ്പോൾ ഇവർ സ്വന്തം സ്ഥലത്തു തിരിച്ചെത്തുന്നു. എല്ലാവരുടെയും ഒരു ഒത്തുചേരലാണ്.
ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന വര്‍ണ്ണാഭമായ പരിപാടിയാണ്. പാട്ടും നൃത്തവുമൊക്കെയായി അവര്‍ ആഘോഷം കൊഴുപ്പിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനമാണ് യാകീ നൃത്തം. ലോകത്ത് മറ്റെങ്ങും കാണാന്‍ കഴിയാത്ത കൗതുകകരമായ കാഴ്ച്ചയാണ് കാണാന്‍ കഴിയുക. ഗെരിവോള്‍ ആഘോഷം എന്നാണ് ഇതിനെ പറയുക.
രാത്രിയും പകലുമൊക്കെയായി ആഘോഷം നീണ്ടു പോകുന്നു. കൗതുകകരമായ ഒരു കാര്യം കൂടിയുണ്ട്. ആഘോഷം എവിടെയാണ് നടത്തുന്നത് എന്നത് സസ്‌പെന്‍സായിരിക്കും. ഇതിന്റെ നടത്തിപ്പ് ചുമതലയുള്ള വളരെ ചുരുക്കം ചില സംഘാടകര്‍ക്ക് മാത്രമെ ആ രഹസ്യം അറിയുകയുള്ളൂ. ആഘോഷം തുടങ്ങുന്നതിന് വളരെ കുറച്ച് ദിവസം മാത്രം മുമ്പ് അവര്‍ ലൊക്കേഷന്‍ വെളിപ്പെടുത്തും.
ഗെരിവോള്‍ ആഘോഷത്തിലെ ഹൈലൈറ്റ് എന്നു പറയുന്നത് യാകീ നൃത്തമാണ്. പുരുഷന്മാരാണ് ഈ നൃത്തത്തില്‍ പങ്കെടുക്കുന്നത്. അവര്‍ അവരുടെ പൗരുഷവും ബലവുമൊക്കെ പ്രകടമാക്കാനാണ് ഈ നൃത്തം നടത്തുന്നത്. സ്ത്രീകളെ പ്രീതിപ്പെടുത്തുക എന്നതു തന്നെയാണ് ലക്ഷ്യം. മൂന്ന് വനിതാ ജഡ്ജുമാര്‍ക്കു മുന്നിലാണ് ഇവര്‍ നൃത്തം ചെയ്യുന്നത്. ഇതില്‍ നിന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ചവരെ വിജയിയായി തെരഞ്ഞെടുക്കുന്നു.യാകീ നൃത്തത്തനായി പുരുഷന്‍മാര്‍ നടത്തുന്ന തയ്യാറെടുപ്പുകളും കൗതുകകരമാണ്.
മേക്കപ്പിനായി ഇവര്‍ ചിലവഴിക്കുന്ന സമയം കേട്ടാല്‍ ഞെട്ടും. നീണ്ട ആറു മണിക്കൂറത്തെ ശ്രമത്തിനൊടുവിലാണ് ഇവര്‍ നൃത്തം തുടങ്ങുന്നത്. ചുവന്ന നിറത്തിലുള്ള കളിമണ്ണ് കുഴച്ച് അവര്‍ മുഖത്ത് പുരട്ടുന്നു. കറുത്ത ഐലൈനര്‍ ഉപയോഗിച്ച് കണ്ണുമെഴുതും. ലിപ്സ്റ്റിക്ക് ഇടാനും മറക്കാറില്ല. മുടിയില്‍ ഒട്ടകപക്ഷിയുടെ തൂവല്‍ കൂടി സ്ഥാപിക്കുമ്പോള്‍ മേക്കപ്പ് പൂര്‍ണമാകുന്നു. ഇവരുടെ സൗന്ദര്യത്തിലും നൃത്തത്തിലും ആകൃഷ്ടരാകുന്ന സ്ത്രീകള്‍ ഇവരെ ഇഷ്ടപ്പെടുകയും സ്വന്തമാക്കാനും തീരുമാനിക്കുന്നു. ഇതില്‍ വിവാഹിതരായ വനിതകളുമുണ്ടാകും അല്ലാത്തവരുമുണ്ടാകും. നൃത്തത്തില്‍ കണ്ട് ഇഷ്ടപ്പെടുന്നവരോടൊപ്പം സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ച് അവര്‍ ഇറങ്ങിച്ചെല്ലുന്നു. തോളോടുതോള്‍ ചേര്‍ന്ന് നിന്നുള്ള നൃത്തമാണ് പിന്നെ. ഇഷ്ടപ്പെടുന്ന പുരുഷനെ അവര്‍ അവരുടെ അടുത്തെത്തുമ്പോള്‍ തോളില്‍ തൊടുന്നു. അതൊടെ അവള്‍ അവന് സ്വന്തം.