utra-murder-case-

കൊല്ലം: അടൂർ പറക്കോട്ടെ സൂരജിന്റെ വീട്ടുപരിസരത്ത് കുഴിച്ചിട്ടിരുന്ന സ്വർണാഭരണം ഉത്രയുടെയും കുഞ്ഞിന്റേതുമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. രാവിലെ ഉത്രയുടെ അമ്മ മണിമേഖലയും സഹോദരൻ വിഷു വിജയസേനനും ഉത്രയുടെ മകൻ ധ്രുവിനെയും കൂട്ടി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് ആഭരണങ്ങൾ തിരിച്ചറിഞ്ഞത്. വിവാഹ ആൽബവും വീഡിയോയും നേരത്തേതന്നെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. വിവാഹ ആഭരണങ്ങളും അതിന് ശേഷം ഉത്രയ്ക്കും കുഞ്ഞിനും നൽകിയ ആഭരണങ്ങളുമാണ് കുഴിച്ചിട്ടിടത്തുനിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടെത്തിയതെന്ന് അമ്മ മണിമേഖല പറഞ്ഞു.

ബാങ്ക് ലോക്കറിൽ ഇരുന്ന സ്വർണമാണിത്. ഉത്ര കൊല്ലപ്പെട്ട ദിവസംതന്നെയാണ് ലോക്കറിൽ നിന്നും സ്വർണമെടുത്തതെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഉത്രയുടെ താലിമാലയടക്കം ഈ കൂട്ടത്തിലുണ്ടായിരുന്നുവെന്നതാണ് കൂടുതൽ സംശയത്തിന് ഇടയാക്കുന്നത്. താലി സാധാരണ ആരും ലോക്കറിൽ വയ്ക്കാറില്ല. കുടുംബ അംഗങ്ങൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് സ്വർണം കുഴിച്ചിട്ടതെന്ന് വ്യക്തമാണ്. വൈകിട്ടോടെ എല്ലാ കാര്യത്തിലും സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.