കഴിഞ്ഞയാഴ്ച ബീഹാറിലെ മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ മരിച്ചു കിടക്കുന്ന അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന ഒരു പിഞ്ചു കുഞ്ഞിന്റെ വീഡിയോ ഏറെ വിഷമിപ്പിച്ച ഒരു കാഴ്ചയായിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ കൂടിയായിരുന്നു അത്. ഈ സാഹചര്യത്തില്‍ ഒറ്റപ്പെട്ട കുട്ടിയെ ഏറ്റെടുത്ത് ഷാരൂഖ് ഖാന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധസേവന ഫൗണ്ടേഷന്‍ 'മീര്‍' രംഗത്തെത്തിയിരിക്കുകയാണ്.
"ഈ കുട്ടിയിലേക്ക് എത്താന്‍ ഞങ്ങളെ സഹായിച്ച എല്ലാവരോടും മീര്‍ ഫൗണ്ടേഷന് നന്ദിയുണ്ട്. അവന്‍ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ആ ദൃശ്യങ്ങള്‍ എല്ലാവരുടേയും ഹൃദയത്തെ അസ്വസ്ഥമാക്കി. അവനിപ്പോള്‍ മുത്തച്ഛന്റെ സംരക്ഷണയിലാണ്. അവന് ആവശ്യമായ എല്ലാ പിന്തുണയും ഞങ്ങള്‍ നല്‍കും," ഫൗണ്ടേഷന്‍ ട്വിറ്ററില്‍ കുറിച്ചു, ഒപ്പം കുടുംബത്തോടൊപ്പമുള്ള കുഞ്ഞിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്.
കൊച്ചുകുട്ടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഷാരൂഖ് ഖാനും ട്വീറ്റ് ചെയ്തു,
"ഞങ്ങളെ ഈ കുഞ്ഞിലേക്ക് എത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഒരു രക്ഷിതാവിനെ നഷ്ടപ്പെടുക എന്ന ഏറ്റവും നിര്‍ഭാഗ്യകരമായ അവസ്ഥ നേരിടാന്‍ അവന് ശക്തി ലഭിക്കുമെന്ന് നാം എല്ലാവരും പ്രാര്‍ത്ഥിക്കുന്നു. രക്ഷിതാവിനെ നഷ്ടപ്പെടുന്നതിന്റെ വേദന എനിക്കറിയാം. ഞങ്ങളുടെ സ്നേഹവും പിന്തുണയും നിന്നോടൊപ്പമുണ്ട് കുഞ്ഞേ."
ശ്രമിക് ട്രെയിനില്‍ നിന്ന് ബിഹാറിലെ മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ സ്ത്രീയാണ് മരിച്ചത്. അമ്മയെ വിളിച്ചു കരയുന്ന കുട്ടിയുടെ വീഡിയോ സാമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആ കുട്ടിയെയാണ് മീര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തത്. കുട്ടിയെ അവരുടെ മുത്തച്ഛന്റെ അടുക്കല്‍ എത്തിക്കുകയും ചെയ്തു.