പെരുമഴ നനഞ്ഞ് കൊല്ലം
കൊല്ലം: കാലവർഷമെത്തിയതോടെ ജില്ലയിലെങ്ങും പെരുമഴ. തിങ്കളാഴ്‌ച രാത്രിയോടെ തുടങ്ങിയ മഴ ഇന്നലെ പകൽ ശക്തി പ്രാപിച്ചു. തുടർച്ചയായ മഴയിൽ കല്ലടയാർ ഉൾപ്പെടെയുള്ള ജില്ലയിലെ നദികളിൽ നീരൊഴുക്ക് വർദ്ധിച്ചതിനൊപ്പം ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നു. തെന്മല പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഭേദപ്പെട്ട മഴയാണ് ലഭിക്കുന്നത്. ജില്ലയിൽ വേനൽ മഴ ശക്തി പ്രാപിച്ച ഘട്ടത്തിലും കിഴക്കൻ മേഖലയിലെ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ പ്രതീക്ഷിച്ച തോതിൽ മഴ ലഭിച്ചിരുന്നില്ല. കൊടും ചൂടിനും ജലദൗർലഭ്യതത്തിനും ആശ്വാസമാണ് പെരുമഴയെങ്കിലും കൊവിഡ് കാലത്ത് മഴക്കാല രോഗങ്ങൾ പടരുമോയെന്ന ആശങ്ക നിലനിൽക്കുകയാണ്. കൊവിഡ് പ്രതിരോധത്തിനിടെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ മുൻ വർഷങ്ങളിലേത് പോലെ ഗൗരവത്തോടെ പൂർത്തീകരിക്കാനായിട്ടില്ല. ഇതിന്റെ പ്രതിഫലനം വരും ദിവസങ്ങളിൽ ഉണ്ടാകാനിടയുണ്ട്. ഡെങ്കിപ്പനി, പകർച്ച പനി എന്നിവ പിടിപെട്ട് തുടങ്ങിയാൽ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടുകൾ ഇരട്ടിയാക്കും. കിഴക്കൻ മലയോര മേഖലയിൽ ഇതിനകം തന്നെ അൻപതിലേറെ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. പൊതു ഇടങ്ങളിലെ മാലിന്യങ്ങൾ മഴവെള്ളത്തിൽ ഒഴുകി പരക്കുന്നതും പ്രതിസന്ധിയാണ്.
മഴ കവർന്ന് ഓൺലൈൻ പഠനം
ജില്ലയുടെ പല ഭാഗത്തും മഴയിൽ പലപ്പോഴായി വൈദ്യുതി മുടങ്ങി. മരശിഖരങ്ങൾ ഒടിഞ്ഞുവീഴുന്നത് ഉൾപ്പെടെ പല കാരണങ്ങളാലാണ് വൈദ്യുതി തടസപ്പെടുന്നത്. സ്കൂൾ - കോളേജ് വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസുകൾ ഇതോടെ പലപ്പോഴും തടസപ്പെട്ടു. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെയും കോളേജ് വിദ്യാർത്ഥികൾക്ക് വിവിധ സോഫ്ട് വെയറുകളുടെയും സഹായത്തോടെയാണ് ക്ലാസുകൾ നടത്തുന്നത്.
റോഡുകൾ പലതും വെള്ളക്കെട്ടായി
ജില്ലയിൽ തകർന്നുകിടക്കുന്ന റോഡുകളിലെ കുഴികളിൽ പെയ്ത്ത് വെള്ളം നിറഞ്ഞു. കരുനാഗപ്പള്ളി - ശാസ്താംകോട്ട പ്രധാന പാതയിൽ ഉൾപ്പെടെ ഇതാണ് സ്ഥിതി. വേനൽമഴക്കാലത്ത് തന്നെ റോഡുകൾ തകർന്ന് തുടങ്ങിയിരുന്നു. റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.
ആശങ്കയും അന്നവും മുട്ടുന്നു
1. താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർ വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയിൽ
2. തുടർച്ചയായ മഴയിൽ തകരാൻ സാദ്ധ്യതയുള്ള വീടുകളേറെ
3. ദിവസവേതനക്കാരായ കൂലിവേല തൊഴിലാളികൾക്ക് തൊഴിൽ ലഭ്യത കുറയും
4. തൊഴിലുറപ്പ് പദ്ധതിയിലെ ജോലികൾ പൂർണ തോതിൽനടത്താനാകില്ല
5. ലോക്ക് ഡൗൺ ഇളവുകളിൽ സജീവമായ വഴിയോര വിപണിയും നിലച്ചു
''
മഴക്കെടുതികളെ നേരിടാൻ ജില്ലയിലെ സർക്കാർ സംവിധാനങ്ങൾ സജ്ജമാണ്. ജനങ്ങളെ പുനരധിവസിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. ജില്ലാ കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
കളക്ടറേറ്റ് കൺട്രോൾ റൂം
0474 2794004
1077 – (ടോൾ ഫ്രീ )
0474 2794002