mikeset
ചേകത്ത് പ്രവർത്തിച്ചിരുന്ന മൈക്ക് സെറ്റ് സ്ഥാപനം

ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പണിയെടുക്കുന്നവർ പ്രതിസന്ധിയിൽ

പത്തനാപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പണിയെടുക്കുന്നവർ പ്രതിസന്ധിയിൽ. ഉത്സവ സീസൺ പ്രതീക്ഷിച്ച് ലക്ഷങ്ങൾ പലിശയ്ക്കെടുത്തും ലോണെടുത്തും മുതൽ മുടക്കിയ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലുള്ളവർ ഇനി എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. ഒാരോ സ്ഥാപനത്തിലും പത്തിലധികം ജീവനക്കാരാണുള്ളത്. ഇവരുടെ കുടുംബങ്ങൾ അരപ്പട്ടിണിയിലാണ്. സർക്കാർ ആനുകൂല്യങ്ങളോ ക്ഷേമനിധിയോ ഇവർക്ക് ലഭിക്കാറുമില്ല. ഇനി തെരഞ്ഞെടുപ്പ് കാലം മാത്രമാണ് ഇവരുടെ പ്രതീക്ഷ. കൊവിഡ് ബാധയെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രക്രിയകളും അനന്തമായി നീണ്ടുപോയാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ മേഖല കൂപ്പുകുത്തും. ഉത്സവ സീസണിന്റെ ആരംഭത്തിൽ തന്നെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ഈ മേഖലയിലുള്ളവർക്ക് തിരിച്ചടിയായി.


ബാങ്ക് ലോൺ ഉൾപ്പെടെയുള്ളവ തിരിച്ചടയ്ക്കുന്നതിന് സാവകാശം നൽകുന്നതിനൊപ്പം ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളി കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകണം.

ബിബിൻ ബാബു. (മെഗാ സൗണ്ട് സിസ്റ്റം ഉടമ)


ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ അവസ്ഥ ദയനീയമാണ്. തൊഴിലില്ലാതായ ഇവർക്ക് സർക്കാർ സഹായം ലഭ്യമാക്കാൻ ജനപ്രതിനിധികൾ ഇടപെടണം.

രജ്ഞിത്ത് ചേകം, പൊതുപ്രവർത്തകൻ

ഉപകരണങ്ങൾ നശിക്കുന്നു

ലക്ഷങ്ങൾ മുതൽ മുടക്കി വാങ്ങിയ പുതിയ ഉപകരണങ്ങളിൽ പലതും നാശത്തിന്റെ വക്കിലാണെന്ന് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പണിയെടുക്കുന്നവർ പറയുന്നു. മെഗാ സൗണ്ട് ഡിജിറ്റൽ പിക്‌സൽ, ലൈറ്റ്‌സ് പവർ ആംപ്ലിഫയർ, ലൈനറി സൗണ്ട് സിസ്റ്റം, ജനറേറ്റർ തുടങ്ങിയ ഉപകരണങ്ങൾക്ക് ലക്ഷങ്ങളാണ് വില. ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ കിടമത്സരം തുടങ്ങിയതോടെ കൂടുതൽ ഉപകരണങ്ങൾ വാങ്ങാൻ ഉടമകളും നിർബന്ധിതരായി.

ഉത്സവങ്ങളില്ല: ഇനി പ്രതീക്ഷ തിരഞ്ഞെടുപ്പ് കാലം

ഉത്സവ കാലത്താണ് മുതൽ മുടക്ക് തിരിച്ചുപിടിക്കാനാകുന്നത്. എന്നാൽ ഉത്സവ സീസണിന്റെ തുടക്കത്തിൽത്തന്നെ കൊവിഡ് വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ഈ മേഖലയിലുള്ളവർക്ക് തിരിച്ചടിയായി. ഇനി തെരഞ്ഞെടുപ്പ് കാലം മാത്രമാണ് ഇവരുടെ പ്രതീക്ഷ. കൊവിഡ് ബാധയെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രക്രിയകളും അനന്തമായി നീണ്ടുപോയാൽ ഇവരുടെ നില പരുങ്ങലിലാവും. ലോണുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തിരിച്ചടവിന് സാവകാശമുണ്ട്. എന്നാൽ വൻപലിശയ്ക്ക് സ്വകാര്യവ്യക്തികളിൽ നിന്ന് പണം വാങ്ങിയിരിക്കുന്നത് തിരിച്ചടയ്ക്കാതെ മാർഗമില്ല.