നിപ്പയും കൊവിഡും വന്നതിനു ശേഷം ആരും വവ്വാലുകളെ അടുപ്പിക്കാറേയില്ല. എന്നാല്‍ വവ്വാലുകളെ ആരാധിച്ച് , സ്വന്തം പോലെ വളര്‍ത്തുന്ന ഒരു ഗ്രാമമുണ്ട്. വളര്‍ത്തുമൃഗങ്ങളെപ്പോലെ തന്നെ കണ്ട് ഭക്ഷണമൊക്കെ കൊടുത്ത് വളര്‍ത്തുന്ന ഒരിടം. ഭുവനേശ്വറിലെ കാബാതബന്ധ് എന്ന ഇവിടുത്തെ കൊച്ചു ഗ്രാമത്തിലാണ് വവ്വാലുകളെ സ്വന്തമായി കണ്ട് വളര്‍ത്തുന്നത്.
കാബാതബന്ധ് ഗ്രാമത്തിലെ ഈ ആചാരങ്ങള്‍ക്ക് ഏകദേശം എഴുപത് വര്‍ഷത്തോളം പഴക്കമുണ്ട്. ഇവിടുത്തെ ശിവക്ഷേത്രത്തിനു സമീപത്തുള്ള വൃക്ഷങ്ങളിലാണ് വവ്വാലുകള്‍ സ്വന്തം വാസസ്ഥലമായി കണക്കാക്കി വസിക്കുന്നത്. തങ്ങള്‍ക്കു വവ്വാലുകള്‍ ഭാഗ്യം കൊണ്ടുവരുമെന്നുള്ള വിശ്വാസത്തിന്‍റെ ഭാഗമായാണ് ഗ്രാമീണര്‍ ഈ വവ്വാലുകളെ സംരക്ഷിക്കുന്നത്.
അപകടകാരികളായ പല വൈറസുകളുടെയും സ്രോതസ്സ് ആണെന്നറിഞ്ഞിട്ടും ഗ്രാമീണര്‍ ഇന്നും അവയെ സംരക്ഷിക്കുന്നത് ഈ ഒരു വിശ്വാസം കൊണ്ടു മാത്രമാണ്. രക്ഷകരായാണ് ഗ്രാമീണര്‍ വവ്വാലുകളെ കാണുന്നത്. അതിനു തെളിവായി ഒരു കഥയും അവര്‍ക്ക് പറയുവാനുണ്ട്. വലിയ ചുഴലിക്കാറ്റില്‍ നിന്നും തങ്ങളെ രക്ഷിച്ചത് ഈ വവ്വാലുകളാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
1999 ലെ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനു മുന്‍പായി ഇവിടുത്തെ ആല്‍മരത്തില്‍ നിന്നും വവ്വാലുകള്‍ കൂട്ടത്തോടെ പറന്നുയര്‍ന്നുവത്രെ. ഇത് ഒരു മുന്നറിയിപ്പാണെന്ന് മനസ്സിലാക്കിയ ഗ്രാമീണര്‍ പെട്ടന്നുതന്നെ വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും ഭീകരമായ അപകടത്തില്‍ നിന്നും രക്ഷപെടുകയും ചെയ്തുവത്രെ. അതുകൊണ്ട് തങ്ങളുടെ രക്ഷകരായാണ് ആളുകള്‍ ഇവയെ കാണുന്നത്. ഒരിക്കല്‍ തെറ്റായ വിശ്വാസങ്ങളുടെ പേരില്‍ വവ്വാലുകളെ വേട്ടയാടിയിരുന്നുവെങ്കിലും പിന്നീട് അത് തിരുത്തി. വേനല്‍ക്കാലമായാല്‍ ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനായി വവ്വാലുകളുടെ ദേഹത്ത് വെള്ളം ഒഴിച്ചുകൊടുക്കുകയും സംരക്ഷിക്കുകയും ചെയ്യാറുണ്ട്. എന്തുതന്നെയായാലും തങ്ങളുടെ ദൈവമായി തന്നെയാണ് ഈ ഗ്രാമീണര്‍ വവ്വാലുകളെ ഇപ്പോഴും കാണുന്നത്.