ശ്രദ്ധേയനായി യുവ സംവിധായകൻ ആദർശ് എൻ.കൃഷ്‌ണ
കൊല്ലം: അമേരിക്കയിലെ നോർത്ത് കരോലിന ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ 'കിക്കോഫ്" പിറന്നത് ഇങ്ങ് ശൂരനാട്ട്. കഥാപ്രമേയങ്ങളാൽ ശ്രദ്ധ നേടിയ യുവ സംവിധായകൻ ശൂരനാട് വടക്ക് ആനയടി സ്വദേശിയായ ആദർശ് എൻ. കൃഷ്‌ണയുടെ സംവിധാന മികവിന്റെ അടയാളമാണ് കിക്കോഫ്. നോർത്ത് കരോലിന പ്രവിശ്യയിലെ എല്ലാ സ്‌കൂളുകളിലും തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതാണ് കരോലിന ചലച്ചിത്രോത്സവത്തിന്റെ രീതി. അഞ്ച് മിനിറ്റിൽ മനുഷ്യന്റെ അതിജീവനത്തിന്റെ കഥ പറയുന്നതാണ് പ്രമേയം. എല്ലാ വൈകുന്നേരങ്ങളിലും കാൽപന്തുകളിച്ച യുവാവിന്റെ ജീവിതം മൈതാനത്തിന് പുറത്തുണ്ടായ അപകടത്തിൽ കിടക്കയിലേക്ക് ഒതുങ്ങുന്നു. പുറത്ത് കാൽപന്തുകളിയുടെ ആരവങ്ങൾ ഉയരുമ്പോൾ യുവാവ് നിസഹായനാണ്. കാൽപന്ത് കളിയെ സ്നേഹിക്കുന്ന ഒരു ഏഴ് വയസുകാരനിലൂടെ യുവാവ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതാണ് കിക്കോഫിന്റെ കഥ. ഫെബ്രുവരിയിൽ ചിത്രീകരിച്ച് പോസ്റ്റർ റിലീസ് മാത്രം കഴിഞ്ഞ ഹ്രസ്വ ചിത്രത്തിന് നോർത്ത് കരോലിനയിലെ ചലച്ചിത്രോത്സവം ഉൾപ്പെടെ മൂന്ന് അംഗീകാരങ്ങളാണ് ഇതിനകം ലഭിച്ചത്. കൊൽക്കത്ത ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തെ വടക്കേ ഇന്ത്യയിലെ സിനിമാ നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ പിക്ചർ വാലി എന്റർടെയ്മെന്റ് പിക്ചർ ഫെസ്റ്റ് 2020ലെ മികച്ച സിനിമയായും തിരഞ്ഞെടുത്തു. ചിത്രീകരണം, ഡബ്ബിംഗ്, എഡിറ്റിംഗ് എന്നിവയെല്ലാം എട്ട് മണിക്കൂറിനുള്ളിൽ പൂർത്തീകരിച്ചെന്ന പ്രത്യേകതയുമുണ്ട്. യുവാവായി
ഹരിപ്പാട് സ്വദേശി അഖിൽരാജും ഏഴ് വയസുകാരനായി മാസ്റ്റർ പ്രണവുമാണ് അഭ്രപാളിയിലെത്തിയത്. നവമാദ്ധ്യമങ്ങളിൽ വൈറലായതിനൊപ്പം നിരവധി പുരസ്‌കാരങ്ങളും നേടിയ മ്യൂസിക്കൽ വീഡിയോകളായ മറുപിറന്താൾ (തമിഴ്), സാരംഗി, ഓലപ്പീപ്പി, കുഞ്ഞോളും ഉണ്ണിയും, ഹ്രസ്വ ചിത്രമായ ഗലീലിയായിലെ അതിഥി എന്നിവയും ആദർശിന്റെ സംവിധാന മികവുകളാണ്.
ചിലപ്പോൾ പെൺകുട്ടി, യക്ഷം എന്നീ സിനിമകളുടെ സഹ സംവിധായകനായിരുന്നു.