pic

ഗ്രാമത്തിലാർക്കും കൊവിഡ് രോഗം ഇല്ലെങ്കിലും പേരിന്‍റെ സാമ്യം കൊണ്ടു മാത്രംപണി കിട്ടിയ ഒരു ഗ്രാമമുണ്ട്. ഉത്തർ പ്രദേശിൽ ലക്നൗവിലെ സീതാപ്പൂർ ജില്ലയിലെ കൊറോണ ഗ്രാമം. കൊവിഡ് വൈറസ് ബാധയും രോഗത്തിന്റെ വാര്‍ത്തയും വ്യാപകമായതോടെ ഈ ഗ്രാമത്തിലുള്ളവരെ മറ്റുള്ള ആളുകൾ കൂട്ടത്തോടെ അവഗണിക്കുകയാണ്. എന്തെങ്കിലും ആവശ്യത്തിനായി മറ്റും പുറത്തിറങ്ങിയാൽ എവിടെ നിന്നു വരുന്നു എന്ന ചോദ്യമാണ് ഇവരെ ഏറ്റവുമധികം കുഴപ്പിക്കുന്നത്. കൊറോണ എന്നു പറഞ്ഞാൽ പിന്നെ കേൾക്കുന്നവരുടെ ഭാവം മാറുമത്രേ. ആളുകൾ തങ്ങളെ അകറ്റി നിറുത്തുമെന്നും തങ്ങളോട് സംസാരിക്കുവാനും സമീപത്തേയ്ക്ക് വരാൻ പോലും കൂട്ടാക്കുകയില്ലെന്നുമാണ് ഇവർ പറയുന്നത്.

കൊറോണ എന്നത് തങ്ങളു‌ടെ ഗ്രാമത്തിന്റെ പേര് മാത്രമാണെന്നും അത് മനസ്സിലാക്കാൻ ആരും ശ്രമിക്കുന്നില്ലെന്നും ഈ ഗ്രാമവാസികൾ പറയുന്നു.പതിറ്റാണ്ടുകളായി ഈ ഗ്രാമം ഇവിടെയുണ്ടെങ്കിലും തിരിച്ചറിയപ്പെടുന്നതും ആളുകൾ സംസാരിക്കുന്നതും ഈ സമയത്താണ്. എന്നാൽ ഗ്രാമീണര്‍ ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പ്രശസ്തിയാണ് ഗ്രാമത്തിനുണ്ടായിരിക്കുന്നത്. ഇപ്പോൾ തങ്ങൾ വന്നിരിക്കുന്നത് കൊറോണ ഗ്രാമത്തിൽ നിന്നാണെന്നു പോലും പറയുവാൻ പേടിയാണ് ഇവർക്ക്. ഫോൺ ചെയ്യുമ്പോൾ തങ്ങൾ കൊറോണയിൽ നിന്നുള്ളവരാണെന്ന് പറയുമ്പോള്‍ ആളുകൾ കളിയാക്കുകയാണെന്ന് കരുതി ഫോൺ കട്ട് ചെയ്തു പോകുന്ന അനുഭവവും ഇവർക്കുണ്ട്.ഉത്തർ പ്രദേശിലെ സീതാപൂർ ജില്ലയിൽ മിഷ്രിക് എന്ന സ്ഥലത്തിനടുത്തായാണ് കൊറോണ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തൊണ്ണൂറായിരം ആളുകളാണ് ഇവിടെ താമസിക്കുന്നത്.