accident

എഴുകോൺ: പച്ചക്കറിയെടുക്കാൻപോയി തമിഴ്നാട്ടിൽനിന്ന് തിരിച്ചു വരുന്നതിനിടെ പിക്കപ്പ്‌ വാൻ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വർക്കല ഇടവ കാപ്പിൽ മച്ചന്റെ തൊടിയിൽ വീട്ടിൽ യാക്കൂബാണ് (38) മരിച്ചത്. സാരമായി പരിക്കേറ്റ ഇടവ പള്ളിമുക്ക് ചട്ടിയാൻ വിളാക്കത്ത് റഹ്മത്ത് മൻസിലിൽ നസീറിനെ (42) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി 11.45 ന് കൊല്ലം - തിരുമംഗലം ദേശീയപാതയിൽ കല്ലുംപുറം ജംഗ്ഷനിലായിരുന്നു അപകടം. തെങ്കാശിയിൽ പച്ചക്കറിക്ക് വില കൂടുതലായതിനാൽ വാങ്ങാതെ തിരികെ വരുമ്പോഴായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ യാക്കൂബിന്റെ നിയന്ത്രണം തെറ്റി വാഹനം ദേശീയപാതയിൽ നിന്ന് കല്ലുംപുറം മൂഴിയിൽ റോഡിലേക്ക് മറിയുകയായിരുന്നു. വാഹനം വലതുവശം ചരിഞ്ഞ് വീണതിനെ തുടർന്ന് യാക്കൂബിന്റെ തല വാഹനത്തിന്റെയും റോഡിന്റെയും ഇടയിൽ അകപ്പെട്ടു. നാട്ടുകാർ വാഹനം ഉയർത്തിയാണ് യാക്കൂബിനെ പുറത്തെടുത്തത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകും വഴി മരിച്ചു. ജുമൈലയാണ് ഭാര്യ. ആറ് മാസം പ്രായമുള്ള മകനുണ്ട്.