fish
പച്ചമത്സ്യത്തിന് കൊള്ളവില

 ദൂരപരിധി അടിസ്ഥാനത്തിൽ മത്സ്യത്തിന് പൊതുവില

കൊല്ലം: പച്ചമത്സ്യത്തിന് കൊള്ളവില ഈടാക്കുന്നത് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ചൂണ്ടക്കൊളുത്ത്. ഹാർബറിൽ നിന്ന് നിശ്ചിത ദൂരങ്ങളിൽ വിവിധയിനം മത്സ്യങ്ങൾക്ക് വാങ്ങാവുന്ന പരമാവധി വില ജില്ലാ ഭരണകൂടം നിശ്ചയിച്ചു. വിവിധ ഇനം ഇറച്ചികളുടെ വിലയും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

ഹാർബറിന് തൊട്ടടുത്ത പ്രദേശങ്ങളിൽ പോലും ചില്ലറ വില്പനക്കാർ മത്സ്യത്തിന് കൊള്ളവിലയാണ് ഈടാക്കുന്നത്. ഒരു കിലോ ചാളയ്ക്ക് കൊല്ലം തീരത്ത് 200രൂപയാണ്. എന്നാൽ ഒരു കിലോ മീറ്റർ ചുറ്റളവിനുള്ളിൽ പോലും ഒരു കിലോ ചാള 300 രൂപയ്ക്കാണ് വിൽക്കുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് എത്തുമ്പോൾ ചാള വില 450 വരെ ഉയരും. മറ്റ് മത്സ്യങ്ങളുടെ കാര്യവും സമാനമാണ്.

മത്സ്യം വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന്റെ ചെലവ്. വില്പനക്കാരന്റെ കൂലി എന്നിവ സഹിതമാണ് ഇപ്പോൾ വില നിശ്ചയിച്ചത്. നേരത്തെ പൊതുവില പ്രഖ്യാപിച്ചെങ്കിലും ദൂരേക്ക് കൊണ്ടുപോയി വിൽക്കുമ്പോഴുള്ള ചെലവ് പരിഗണിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ചെലവ് സഹിതം വില നിശ്ചയിച്ചിരിക്കുന്നത്.

ഇനം വില(കിലോയ്ക്ക്)- ഹാർബർ മുതൽ 5 കി. മീറ്റർ വരെ, തീരത്ത് നിന്ന് 5 മുതൽ 10 കി. മീറ്റർ വരെ,10 മുതൽ 20 വരെ, 20 മുതൽ 30 വരെ, 30 കി. മീറ്ററിന് മുകളിൽ

നെയ്മീൻ ചെറുത് (നാല് കിലോ വരെ) 780, 820, 860, 900, 940

നെയ്മീൻ വലുത് (നാല് കിലോയ്ക്ക് മുകളിൽ) 900, 945, 990, 1035, 1080

ചൂര വലുത് (750 ഗ്രാമിന് മുകളിൽ) 260, 270, 290, 300, 310

ചൂര ഇടത്തരം (500 മുതൽ 750 ഗ്രാം വരെ) 220, 230, 240, 250, 260

ചൂര ചെറുത് (500 ഗ്രാമിൽ താഴെ) 190, 200, 210, 220, 230

കേരച്ചൂര 250, 260, 275, 290, 300

അയല ഇടത്തരം- 270, 280, 300, 310, 320

ചാള- 210, 220, 230, 240, 250

ഇറച്ചിക്കും ന്യായവില

ഇറച്ചിയുടെ ന്യായവിലയും പുനർനിശ്ചയിച്ചു. ഉപഭോക്താക്കളെ കബിളിപ്പിക്കുന്നത് തടയാൻ പോത്ത്, കാള ഇറച്ചികൾക്ക് എല്ല് സഹിതവും എല്ല് ഇല്ലാതെയുമുള്ള വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇനം, വില (കിലോയ്ക്ക്)

കോഴിയിറച്ചി - 150 (ജീവനോടെ)

കാളയിറച്ചി - 320, 360 (എല്ലില്ലാതെ)

പോത്തിറച്ചി - 340, 370 (എല്ലില്ലാതെ)

ആട്ടിറച്ചി - 680

കൊള്ളവിലക്കാരെ കുടുക്കാം

ജില്ലാ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള പൊതുവിലയേക്കാൾ കൂടുതൽ വാങ്ങിയാൽ ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർ എന്നിവരോട് പരാതി പറയാം. പൊലീസിന്റെ പിന്തുണയോടെ പരിശോധന നടത്തി കർശന നടപടിയെടുക്കാനും തീരുമാനമുണ്ട്.

ജില്ലാ സപ്ലൈ ഓഫീസർ: 9188527316

താലൂക്ക് സപ്ലൈ ഓഫീസർമാർ

കൊല്ലം: 9188527339

പുനലൂർ- 9188527340

കൊട്ടാരക്കര- 9188527341

കരുനാഗപ്പള്ളി- 9188527342

പത്തനാപുരം- 918852734

കുന്നത്തൂർ 9188527344