കൊല്ലം: ഉത്രയുടെ മരണശേഷം ഭർത്താവ് സൂരജ് അറസ്റ്റിലായതിനെ തുടർന്ന് കുഞ്ഞിനെ ഇല്ലാതാക്കുമെന്ന് ഭയന്നതായി ഉത്രയുടെ അമ്മ വനിതാ കമ്മിഷനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് കമ്മിഷൻ അടിയന്തരമായി ഇടപെട്ട് കുഞ്ഞിനെ ശിശുക്ഷേമ സമിതി വഴി ഉത്രയുടെ മാതാപിതാക്കളെ ഏൽപ്പിച്ചത്.
ഉത്രയുടെ സ്വത്തിൽ മാത്രം കണ്ണുനട്ടാണ് സൂരജ് ജീവിച്ചത്. മുഴുവൻ സ്വത്തും സ്വന്തമാക്കാനും ഉത്രയെ ഇല്ലാതാക്കിയശേഷം മറ്റൊരു വിവാഹം കഴിച്ച് ജീവിക്കാനുമാണ് ഇയാൾ ലക്ഷ്യമിട്ടത്. ഇത് മനസിലാക്കിയാണ് കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് നൽകാൻ വേഗത്തിൽ കാര്യങ്ങൾ നീക്കിയതെന്ന് വനിതാ കമ്മിഷനംഗം ഷാഹിദാ കമാൽ പറഞ്ഞു. കുഞ്ഞിന്റെ സുരക്ഷയിലുള്ള ആശങ്ക വനിതാ കമ്മിഷൻ പത്തനംതിട്ട എസ്.പിയെ അറിയിച്ചിരുന്നു. പൊലീസും ശിശുക്ഷേമ സമിതിയും വനിതാ കമ്മിഷനും ചർച്ചചെയ്ത ശേഷമാണ് കുഞ്ഞിന്റെ കൈമാറ്റം അടിയന്തരമായി നടത്തിയത്.
സൂരജ് കുഞ്ഞിനോട് അടുപ്പം കാട്ടിയിരുന്നില്ലെന്നും സൂചനയുണ്ട്. ഉത്ര കൊല്ലപ്പെട്ടശേഷം കുഞ്ഞിനെ വീട്ടിലാക്കിയ സൂരജ് എവിടെയൊക്കെയോ കറക്കത്തിലായിരുന്നു. ഉത്രയുടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടപ്പോൾ ഒളിവിൽ പോയി. അപ്പോഴും കുഞ്ഞിനെക്കുറിച്ച് അന്വേഷിച്ചതേയില്ലത്രെ. അറസ്‌റ്റിലായി ഇത്രയും നാളായിട്ടും സൂരജ് കുഞ്ഞിനെ കാണാൻ ഒരിക്കൽ പോലും ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല.