devika
ദേവിക തന്റെ കലാസൃഷ്ടികൾക്കൊപ്പം

കൊല്ലം: ലോക്ക് ഡൗണിലെ വിരസതയ്ക്ക് വിരാമമിടാൻ ദേവികയ്ക്ക് കൂട്ടായത് തൊടിയിൽ ഉപേക്ഷിക്കപ്പെട്ട ചിരട്ടകളും പാഴ്കുപ്പികളും. ഉപയോഗശേഷം പുറന്തള്ളിയ ചിരട്ടകളും കുപ്പികളും ഉപയോഗിച്ച് അലങ്കാര വസ്തുക്കൾ നിർമ്മിച്ചാണ് ദേവികയെന്ന പത്താം ക്ളാസുകാരി തന്റെ ലോക്ക്ഡൗൺ കാലം വർണാഭമാക്കിയത്.

വാളത്തുംഗൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ (ഗേൾസ്) വിദ്യാർത്ഥിനിയാണ് കൂട്ടിക പീടികമുക്ക് അഞ്ജു വിലാസത്തിൽ എസ്. ദേവിക. കുട്ടിക്കാലത്ത് തന്നെ ചിത്രരചനയിലും ശില്പകലയിലും കമ്പമുണ്ടായിരുന്നു. ലോക്ക്ഡൗൺ കാലം തന്റെ കഴിവുകൾ മിനുക്കിയെടുക്കാനുള്ള അവസരമായിക്കണ്ട ദേവിക കഴിഞ്ഞ രണ്ട് മാസം ശില്പങ്ങളും ചിത്രങ്ങളും കൊണ്ട് വീടിന്റെ അകത്തളങ്ങൾക്ക് ചന്തംചാർത്തുകയായിരുന്നു.

പഠനത്തിലും മിടുക്കിയായ ദേവിക കായികമേളയിലും ശാസ്ത്രമേളയിലും ഉൾപ്പെടെ കഴിവ് തെളിയിച്ചിട്ടുണ്ട്. പിന്തുണയുമായി ഒപ്പമുള്ള അദ്ധ്യാപകരും സഹപാഠികളും പിതാവ് ശ്രീകുമാറും​ മാതാവ് അജിതകുമാരിയുമാണ് തന്റെ പ്രചോദനമെന്നും ഈ കൊച്ചുമിടുക്കി പറയുന്നു.