കൊല്ലം: ഭാവനയെ ഒഴിഞ്ഞ കുപ്പികളിൽ പകർത്തി കാഴ്ചവസ്തുക്കളാക്കി മാറ്റി ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കുകയാണ് ചാത്തന്നൂർ നെടുങ്ങോലം സ്വദേശിനി രോഹിണി. വലിച്ചെറിയുന്ന കുപ്പികളാണ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ശേഖരിച്ച് രോഹിണി കാൻവാസ് ആക്കുന്നത്.
എം. കോം രണ്ടാംവർഷ വിദ്യാർത്ഥിനിയായ രോഹിണി ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപികയും എ.ഐ.വൈ.എഫ് ചിറക്കര മേഖലാ കമ്മിറ്റി അംഗവുമാണ്. ലോക്ക്ഡൗൺ കാലത്ത് പഠനത്തിനും അദ്ധ്യാപനത്തിനും രാഷ്ട്രീയ പരിപാടികൾക്കും ഇടവേള കിട്ടിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തനിക്കാവും വിധം സംഭാവന നൽകണമെന്ന് തീരുമാനിച്ചു. എ.ഐ.വൈ.എഫ് പ്രവർത്തകരുടെ സഹായത്തോടെ ചിത്രക്കുപ്പികൾ വിറ്റ് പണം കണ്ടെത്തുകയാണിപ്പോൾ.
എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ്കുമാർ നെടുങ്ങോലത്തെ രോഹിണിയുടെ വസതിയിലെത്തി ഉല്പന്നം ഏറ്റുവാങ്ങി ആദ്യ സംഭാവന നൽകി. സംസ്ഥാനകമ്മിറ്റി അംഗം ജി.എസ്. ശ്രീരശ്മി, മണ്ഡലം സെക്രട്ടറി നോബൽ ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എച്ച്. ഷാജിദാസ്, അരുൺ കലയ്ക്കോട്, ആർ. ജെയിൻകുമാർ, ഷിബു, സനൽ, ബിനുലാൽ, ബൈജു, ശശിധരൻ പിള്ള എന്നിവർ പങ്കെടുത്തു.