പുനലൂർ: ലോക്ക് ഡൗണിനെ തുടർന്ന് പുനലൂരിലും സമീപ പ്രദേശങ്ങളിലും കുടുങ്ങിക്കിടന്ന 320 അന്യസംസ്ഥാന തൊഴിലാളികളെ ജന്മനാട്ടിലേക്കയച്ചു. ജാർഖണ്ഡ്, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമെത്തി പുനലൂർ പത്തനാപുരം താലൂക്കുകളിൽ ജോലി ചെയ്തു വന്നിരുന്നവരെയാണ് മടക്കി അയച്ചത്. ഇന്നലെ രാവിലെ 7.30ന് പുനലൂർ ചെമ്മന്തൂർ കെ. കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിലെത്തിയ യുവതികൾ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികളുടെയും യാത്രാ രേഖകളും മെഡിക്കൽ രേഖകളും പൊലീസും ലേബർ ഡിപ്പാർട്ട്മെന്റും മെഡിക്കൽ ടീമും ചേർന്ന് പരിശോധിച്ചു.
പനി പരിശോധന നടത്തി
മെഡിക്കൽ സംഘം പനി പരിശോധന നടത്തിയ ശേഷം ഇവർക്കാവശ്യമായ ഭക്ഷണം, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവയും നൽകി. തുടർന്നാണ് കെ.എസ്.ആർ.ടിയുടെ 12 ബസുകളിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം ട്രെയിനിൽ ജന്മ നാട്ടിലേക്ക് അയച്ചത്.