കൊല്ലം: കാലവർഷമെത്തിയതോടെ കടലോരം കൂറ്റൻ തിരമാലകളെ ഭയന്ന് തുടങ്ങി. കൊല്ലത്തെ ഇരവിപുരം, താന്നി തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. കൊല്ലം തീരത്തെ പലിമുട്ടുകളുടെ നിർമ്മാണം അനന്തമായി വൈകുന്നതാണ് ഓരോ തിരമാലകളെയും തീരദേശ ജനത ഭയത്തോടെ നോക്കി കാണാൻ കാരണം.
എണ്ണമറ്റ വീടുകളും ജീവനോപാധികളുമാണ് ഒരു പതിറ്റാണ്ടിനിടെ കൊല്ലം തീരത്ത് കടലെടുത്തത്. വീടും വസ്തുവും നഷ്‌ടമായവർക്ക് പകരം സംവിധാനങ്ങളൊരുക്കി നൽകിയെങ്കിലും ജനിച്ച് വളർന്ന ജീവിത ചുറ്റുപാട് എന്നന്നേക്കുമായി ഇല്ലാതായതിന്റെ വേദന ഇവരിൽ നിന്ന് വിട്ടുമാറിയിട്ടില്ല. കൊല്ലത്തെ തീരദേശ റോഡിന് പോലും ഭീഷണിയാകുന്ന തരത്തിലാണ് അടുത്ത കാലത്ത് വീണ്ടും കടൽക്ഷോഭം ശക്തിപ്രാപിച്ചത്.
പുലിമുട്ടുകളുടെ നിർമ്മാണ പൂർത്തീകരണത്തിന് പദ്ധതികൾ പലത് വന്നുപോയെങ്കിലും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ പദ്ധതികളൊന്നും തീരമടുത്തില്ല. കാലവർഷം തുടങ്ങി കടലാക്രമണം ശക്തിയാർജ്ജിക്കുന്ന സമയത്ത് തീരത്ത് ലോറികളിൽ പാറകഷണകൾ തള്ളുന്ന പതിവ് കുറേക്കാലമായുണ്ട്. കാലവർഷം കഴിയും മുമ്പ് തന്നെ ഇത്തരം പാറകളിൽ വലിയൊരു പങ്കും കടലെടുത്ത് കഴിയും. ഇതിന് പിന്നിൽ അഴിമതിയാണെന്ന ആരോപണം കാലങ്ങളായുണ്ട്. കൊല്ലം തീരത്തിനൊപ്പം കരുനാഗപ്പള്ളിയിലെ ആലപ്പാട് തീരവും കടൽക്ഷോഭത്തിന്റെ ഇരകളാണ്.