കൊല്ലം: ജില്ലയിൽ ഇന്നലെ എട്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതർ 48 ആയി. പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശിയായ 28 വയസുകാരിക്കും ഒരു വയസുള്ള മകനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇവർ മേയ് 28ന് കുവൈറ്റിൽ മടങ്ങിയെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു യുവതിയുടെ ഭർത്താവിന് രോഗം സ്ഥിരീകരിച്ചതിനാൽ ഇവരുടെ സാമ്പിളും പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
ചവറ കരുത്തുറ സ്വദേശിയായ 39 കാരനാണ് മറ്റൊരാൾ. അബുദാബിയിൽ നിന്ന് മേയ് 26ന് മടങ്ങിയെത്തി പാരിപ്പള്ളിയിൽ സർക്കാർ ക്വാറന്റൈനിലായിരുന്നു. പാരിപ്പള്ളിയിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ദുബായിൽ നിന്നെത്തിയ തൃക്കോവിൽവട്ടം മുഖത്തല സ്വദേശിയായ 50 കാരനും കൊവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പത്തനാപുരം കുണ്ടയം സ്വദേശിയായ 41കാരൻ മേയ് 27ന് അബുദാബിയിൽ നിന്ന് മടങ്ങിയെത്തിയതാണ്. സൗദിയിൽ നിന്നുമെത്തിയ കരുകോൺ അലയമൺ സ്വദേശിയായ 32 വയസുകാരൻ വിമാനത്താവളത്തിൽ വച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച ദുബായിൽ നിന്ന് മടങ്ങിയെത്തിയ പട്ടാഴി സ്വദേശിയായ യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ ഗർഭിണിയാണ്.
മാലിദ്വീപിൽ നിന്ന് കപ്പലിലെത്തിയ കൊട്ടാരക്കര വെട്ടിക്കവല പനവേലി സ്വദേശിയായ 35 വയസുകാരിയും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇവർ മേയ് 10 നാണ് നാവികസേനയുടെ കപ്പലിലെത്തിയത്. ഇവർ കൊല്ലത്ത് സ്ഥാപന നിരീക്ഷണത്തിലായിരുന്നു. മേയ് 27ന് 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കി. എന്നാൽ അതേ കപ്പലിൽ യാത്ര ചെയ്തിരുന്ന ഒരാൾ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇവരുടെ സാമ്പിൾ പരിശോധിച്ചു. ഫലം നെഗറ്റീവായതിനാൽ പനവേലിയിലെ വീട്ടിൽ എത്തിച്ചു. 30ന് ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ വീണ്ടും സാമ്പിൾ എടുത്തു. ഇന്നലെ ഫലം പോസിറ്റീവായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.