shoe

കൊവിഡിന് ശേഷം ധാരാളം മുൻകരുതലുകൾ നാം എടുക്കേണ്ടതുണ്ട്. ഇതിൽ പ്രധാനമാണ് സാമൂഹിക അകലം പാലിക്കൽ. പക്ഷേ തിരക്കുള്ള മാർക്കറ്റുകളിലും ആൾക്കാർ തിങ്ങികൂടുന്ന ഇടങ്ങളിലും എങ്ങനെ സാമൂഹികഅകലം പാലിക്കാനാകും? ആ തിരക്കുകളിൽ സാമൂഹിക അകലം പാലിക്കാൻ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് റൊമാനിയക്കാരൻ ഗ്രിഗോറി ലപ്പ്.

ഷൂ നിർമ്മിക്കുന്നതിൽ വിദഗ്ദ്ധനായ ഗ്രിഗോറി അടുത്തിടെ ട്രാൻസിൽവാനിയൻ നഗരമായ ക്ലൂജിൽ നടക്കാനിറങ്ങി. മാർക്കറ്റിൽ എത്തിയ ഗ്രിഗോറി ആളുകൾ സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് മനസിലാക്കി. സാമൂഹിക അകലം പാലിക്കൽ ജനങ്ങളെ ബോധവത്കരിക്കും വിധം തന്നെക്കൊണ്ട് എന്ത് ചെയ്യാം എന്ന ഗ്രിഗോറി ലപ്പ് ചിന്തിച്ചു.അത് പുത്തൻ ഷൂ ഡിസൈനിലേക്ക് വഴിവെച്ചു.

വിരലുകൾക്കായുള്ള ഷൂവിന്റെ മുൻഭാഗം കഴിഞ്ഞും കൂടുതൽ നീളത്തിലാണ് തന്റെ സ്പെഷ്യൽ ഷൂ ഗ്രിഗോറി ലപ്പ് തയ്യാറാക്കിയത്. യൂറോപ്യൻ സൈസ് 75 ലാണ് ഗ്രിഗോറി ലപ്പ് സ്പെഷ്യൽ ഷൂ തയ്യാറാക്കിയിരിക്കുന്നത്."ഈ ഷൂസ് ധരിച്ച രണ്ടുപേർ പരസ്പരം അഭിമുഖീകരിക്കുകയാണെങ്കിൽ, അവർക്കിടയിൽ ഏകദേശം ഒന്നര മീറ്റർ ഉണ്ടായിരിക്കും." 2001 മുതൽ ലപ്സ് ഷോപ്പ് എന്ന പേരിലുള്ള കടയിൽ റെഡിമെയ്ഡ് ഷൂ വിൽക്കുന്ന ഗ്രിഗോറി ലപ്പ് പറഞ്ഞു.

shoe

സാമൂഹിക അകലം പാലിക്കുന്ന ഷൂസിനായി ഇതുവരെ അഞ്ച് ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് ഗ്രിഗോറി ലപ്പ് പറയുന്നു. ഒരു ജോഡി നിർമ്മിക്കാൻ അദ്ദേഹത്തിന് രണ്ട് ദിവസമെടുക്കും. മാത്രമല്ല ഏകദേശം ഒരു ചതുരശ്ര മീറ്റർ തുകൽ ആവശ്യമാണ്. ഒരു ജോഡിക്ക് 115 ഡോളർ അതായത് ഏകദേശം 8,500 രൂപ വിലവരും. കഴിഞ്ഞ 39 വർഷമായി ഷൂ നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് ഗ്രിഗോറി. ഏതായാലും ഗ്രിഗോറിയുടെ കണ്ടുപിടുത്തം സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു.