malavika-mohan

പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മാളവിക മോഹന്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം പല വിഷയങ്ങളിലും സ്വന്തം നിലപാട് വ്യക്തമാക്കാറുണ്ട്. ഇപ്പോൾ വംശീയ വിവേചനത്തിനെതിരായ സമരം അമേരിക്കയിൽ നടക്കുമ്പോൾ തനിക്ക് ചെറുപ്പത്തില്‍ നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച്‌ തുറന്ന് പറയുകയാണ് താരം.

14 വയസുള്ളപ്പോഴുള്ളഴാണ് തനിക്ക് ഇങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നതെന്ന് മാളവിക പറയുന്നു. 'എന്റെ അടുത്ത സുഹൃത്തിന് അവന്റെ അമ്മ ചായ കൊടുക്കില്ലായിരുന്നു. ഒരിക്കല്‍ അവന്‍ അമ്മയോട് ചായ ചോദിച്ചു. എന്നാല്‍ ചായ കുടിച്ചാല്‍ മാളവികയെ പോലെ കറുത്തു പോകും എന്ന് അവനോട് അവര്‍ പറഞ്ഞു. ചായ കുടിച്ചാല്‍ കറുത്തു പോകുമെന്നാണ് അവര്‍ കരുതിയിരുന്നത്'

സുഹൃത്ത്, മഹാരാഷ്ട്രക്കാരനായ വെളുത്ത പയ്യനും, താന്‍ അല്‍പം ഇരുണ്ട നിറമുള്ള മലയാളിപ്പെണ്‍കുട്ടിയും ആയിരുന്നു. ഇരുവരും തമ്മിലുള്ള നിറവ്യത്യാസം അതുവരെ മാളവിക്കയ്ക്ക് ഒരു പ്രശ്നമായിരുന്നില്ല. എന്നാല്‍ ആദ്യമായി ഒരാള്‍ അങ്ങനെ പറഞ്ഞതോടെയാണ് താനും അതെക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങിയത് എന്ന് മാളവിക മോഹനന്‍ പറയുന്നു.

ജാതീയതയും വര്‍ണവിവേചനവും നമ്മുടെ സമൂഹത്തില്‍ ഇപ്പോഴുമുണ്ട്. ഇരുണ്ട നിറമുള്ളവരെ 'കാലാ' എന്ന് അഭിസംബോധന ചെയ്യുന്നത് എപ്പോഴും കേള്‍ക്കാം. ഇരുണ്ട നിറമുള്ള ആളുകളെ മദ്രാസികള്‍ എന്നാണ് പൊതുവെ വിളിക്കുന്നത്. എന്തിനാണ് അങ്ങനെ വിളിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും മാളവിക പറയുന്നു.

നോര്‍ത്ത് ഈസ്റ്റുകാരെയും കറുത്ത തൊലി നിറം ഉള്ളവരെയും അധിക്ഷേപിക്കുന്ന പ്രയോഗങ്ങളുണ്ട്. . വെളുത്ത തൊലി നിറം ഉള്ളവരെ സുന്ദരന്മാര്‍ എന്നും, കറുത്ത തൊലി നിറം ഉള്ളവരെ വിരൂപരായാണ് കരുതുന്നതെന്നും മാളവിക തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു. ലോകം വംശവെറിയെ അപലപിക്കുമ്പോൾ നമ്മുടെ വീട്ടിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഓരോ പതിപ്പുകള്‍ കാണാന്‍ സാധിക്കും. നിറമല്ല ഒരു മനുഷ്യന്റെ ഉള്ളിലെ നന്മയാണ് അവനെ സുന്ദരനാക്കുന്നതെന്ന് മാളവിക മോഹൻ കുറിച്ചു.