അതുലീർ ഗ്രാമം ഒന്നു കാണണമെങ്കിൽ അൽപ്പം പ്രയാസപ്പെടും. പാറയിടുക്കുകളിലൂടെയും, മലനിരകളിലൂടെയും തൂങ്ങിയാടി യാത്രചെയ്ത് വേണം ആ ഗ്രാമത്തിലെത്താൻ. കുറച്ച് നാളുകൾ മുൻപ് വരെ ഈ മലമുകളിൽ ആൾത്താമസമുണ്ടെന്ന് പോലും ആർക്കും അറിയില്ലായിരുന്നു. 72 കുടുംബങ്ങൾ താമസിച്ചിരുന്ന ഈ മലമുകളിൽ സ്കൂളുകളോ ആശുപത്രിയോ ഒന്നുമില്ല.
മലമുകളിലെ അതുലീർ ഗ്രാമത്തിൽ നിന്നും പുറം ലോകത്തേക്ക് എത്താൻ ആകെയുള്ള യാത്രാമാർഗം കുത്തനെയുള്ള ഒരു ഗോവണി മാത്രമാണ്. ഈ ഗോവണിയിലൂടെ താഴേക്ക് എത്താൻ ഏകദേശം ഒരു മണിക്കൂർ സമയത്തെ യാത്രയുണ്ട്. ദിവസവും ഈ ഗോവണികൾ കയറി ഇറങ്ങിയാണ് ഇവിടുത്തെ കുട്ടികൾ സ്കൂളിലേക്ക് യാത്ര ചെയ്തിരുന്നത്.
ഭൂമിയിൽ നിന്നും ഏകദേശം 800 അടി ഉയരത്തിലുള്ള അതുലീർ ഗ്രാമത്തെക്കുറിച്ച് ചെൻ ജി എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രത്തിലൂടെയാണ് ലോകം അറിയുന്നത്. ഇളകിക്കൊണ്ടിരിക്കുന്ന ഗോവണിയിൽ പിടിച്ച് പാറയിടുക്കിനിടയിലൂടെ സ്‌കൂൾ കുട്ടികൾ താഴേക്കിറങ്ങുന്നതിന്റെ ചിത്രമാണ് ചെൻ ജി പകർത്തിയത്. ഇതോടെ ഈ ഗ്രാമത്തെക്കുറിച്ചും, അവിടുത്തെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ചും പുറംലോകം അറിഞ്ഞു. പിന്നീട് അധികൃതർ ഇരുമ്പിന്റെ ഗോവണിപ്പടികൾ ഇവിടെ സ്ഥാപിച്ചുനൽകി. അതിന് പുറമെ ഇവിടുത്തെ കുട്ടികളെ താഴ് വാരത്തിൽ തന്നെ താമസിപ്പിച്ച് പഠിപ്പിക്കുന്നതിനുള്ള സൗകര്യവും അവർ ഏർപ്പെടുത്തി.പ്രായമായവരും, കുട്ടികളും, കൈകുഞ്ഞുമായുള്ള അമ്മമാരും, ഗർഭിണികളുമടക്കം ഈ ഗോവണികൾ വഴിയാണ് യാത്ര ചെയ്യുന്നത്. ഏറെ ദുരിതം നിറഞ്ഞ ഈ യാത്രക്കിടെ വീണ് പരിക്കേറ്റവരും, മരണമടഞ്ഞവരും നിരവധിയാണ്.
മലമുകളിലെ ഗ്രാമത്തിൽ കൃഷി ചെയ്താണ് ഇവർ ജീവിക്കുന്നത്. എന്നാൽ കാർഷിക വിളകൾ വിൽക്കുന്നതായി ഇവർക്ക് താഴെ എത്തിയെ മതിയാകു. അതേസമയം ഈ ദുരിതം നിറഞ്ഞ ജീവിതത്തിൽ നിന്നും ഇവർക്ക് ആശ്വാസം നൽകാൻ ചൈനീസ് സർക്കാർ റെഡിയായി. അവിടെനിന്നും ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ഒരു നഗരത്തിൽ ഈ ഗ്രാമവാസികൾക്കായി അത്യാവശ്യം സൗകര്യങ്ങളോടുകൂടിയ വീടുകൾ ഒരുക്കി.269 ചതുരശ്ര അടി മുതൽ 1,076 ചതുരശ്ര അടി വരെയുള്ള ആ വീടുകളിൽ ആധുനിക അടുക്കള, ടോയ്‌ലറ്റുകൾ, വെള്ളം വൈദ്യുതി, പാചകവാതകം തുടങ്ങിയ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിരിക്കുന്നു. അത് കൂടാതെ അവർക്കായി സ്‍കൂളുകളും, ആശുപത്രികളും സർക്കാർ നിർമ്മിച്ചു. എന്നിരുന്നാലും എല്ലാ ഗ്രാമവാസികളും തങ്ങളുടെ ഗ്രാമം വിട്ടു മാറാൻ താല്പര്യപ്പെട്ടിട്ടില്ല. മുപ്പതോളം കുടുംബങ്ങൾ ഇപ്പോഴും അതിലൂർ ഗ്രാമത്തിൽ തന്നെ വസിക്കുന്നുണ്ട്..