ശാസ്‌താംകോട്ടയിലെ അപകട പാതയിൽ വാഹനങ്ങൾ മറിയുന്നത് പതിവ്
കൊല്ലം: ചവറ - ശാസ്‌താംകോട്ട പ്രധാന പാതയിൽ ആഞ്ഞിലിമൂട് മുതൽ പൊട്ടക്കണ്ണൻ മുക്ക് വരെ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച റോഡ് അപകടങ്ങളുടെ വാരിക്കുഴിയാകുന്നു. നിർമ്മാണം പൂർത്തിയായപ്പോൾ വശങ്ങളും റോഡും തമ്മിൽ രണ്ടടിയിലേറെ ഉയരവ്യത്യാസമുണ്ട്. വശങ്ങളിലേക്ക് ഒതുക്കുന്ന വാഹനങ്ങൾ നിലതെറ്റി താഴേക്ക് പതിക്കുന്നത് പതിവാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് റോഡിൽ നിന്ന് വശത്തേക്ക് തെന്നി വീണ് അപകടമുണ്ടായതും ഇങ്ങനെയാണ്. ബസ് തടാക തീരത്തേക്ക് പതിക്കാതിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്. ബസും ബൈക്കും ഉൾപ്പടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.
താലൂക്കിലെ 5 റോഡുകൾ 72 കോടി രൂപ മുടക്കി ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് പൊട്ടക്കണ്ണൻമുക്ക് മുതൽ ആഞ്ഞിലിമൂട് വരെ രാജ്യാന്തര നിലവാരത്തിൽ പുതിയ റോഡ് നിർമ്മിച്ചത്. റോഡിന്റെ വീതി വർദ്ധിപ്പിക്കാതെ പഴയ റോഡിന്റെ മുകളിൽ വീണ്ടും മെറ്റലും ടാറും നിരത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ആരംഭ ഘട്ടത്തിൽ തന്നെ അശാസ്ത്രീയ റോഡ് നിർമ്മാണത്തിനെതിരെ വിമർശനം ഉയർന്നിരുന്നു.
ഒരു കിലോമീറ്രറിന് ഒരു കോടി രൂപ !
ഒരു കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമ്മിക്കാൻ ഒരു കോടി രൂപ മുടക്കിയതിന്റെ പ്രയോജനം യാത്രക്കാർക്ക് ലഭിക്കുന്നില്ല. വശങ്ങളും റോഡും തമ്മിലുള്ള ഉയരവ്യത്യാസം മൂലം സമീപത്തെ വീടുകളിൽ നിന്ന് വാഹനങ്ങൾ റോഡിലേക്ക് കയറ്റാൻ വളരെ പ്രയാസമാണ്. പലരും സ്വന്തം പണം മുടക്കി മണ്ണിട്ടാണ് വാഹനം റോഡിലേക്ക് കയറ്റാൻ വഴിയൊരുക്കിയത്. പെരുമഴയിൽ ഇത്തരം മൺതിട്ടകൾ ഒഴുകിപ്പോകുമെന്ന് പ്രദേശവാസികൾ പറയുന്നു.
തറയോട് പാകാൻ നല്ല സമയം നോക്കുന്നവർ
ഉയരവ്യത്യാസം പരിഹരിക്കാൻ വശങ്ങളിലെ വൻ കുഴികൾ നികത്തി തറയോട് പാകുമെന്ന് പൊതുമരാമത്ത് വകുപ്പ് പറയാൻ തുടങ്ങിയിട്ട് ആഴ്‌ചകളായി. യാത്രക്കാരിൽ പലരുടെയും ജീവൻ അപകടത്തിലായിട്ടും അധികൃതർ കുറ്റകരമായ അനാസ്ഥ തുടരുകയാണ്.
..............................
1. ആഞ്ഞിലിമൂട് - പൊട്ടക്കണ്ണൻ മുക്ക് റോഡും വശങ്ങളും തമ്മിൽ രണ്ട് അടിയിലേറെ ഉയര വ്യത്യാസം.
2. ബസും കാറും ബൈക്കുകളും ഉൾപ്പടെയുള്ള വാഹനങ്ങൾ അപകടത്തിലാകുന്നത് പതിവ് സംഭവം
3. വശങ്ങളിലെ വീടുകളിൽ നിന്ന് വാഹനങ്ങൾ റോഡിലേക്ക് കയറ്റാനും ഇറക്കാനും കഴിയുന്നില്ല
4. റോഡും ഇരുവശങ്ങളും തമ്മിലെ ഉയരവ്യത്യാസം പരിഹരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടപടിയില്ല
.............................
യാത്രക്കാരുടെ ജീവൻ വെച്ചാണ് സർക്കാർ സംവിധാനങ്ങൾ കളിക്കുന്നത്. റോഡും വശങ്ങളും തമ്മിലെ ഉയര വ്യത്യാസം അടിയന്തരമായി പരിഹരിക്കണം.
എസ്. ദിനേശ്, യാത്രക്കാരൻ
താലൂക്കിലെ 5 റോഡുകൾ 72 കോടി രൂപ മുടക്കി ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് റോഡ് പുനർനിർമ്മിച്ചത്