ബ്ലസി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ആടുജീവിതത്തിൻ്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലായിരുന്ന പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്. കേരളത്തിലെത്തിയ താരം കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. ജോർദാനിൽ നിന്ന് വന്നതിനാലാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഫലം നെഗറ്റീവ് ആണെന്നും, ക്വാറന്‍റൈൻ കാലാവധി പൂർത്തിയാക്കിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുമെന്നും താരം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എല്ലാവരും സുരക്ഷിതമായി ഇരിക്കൂവെന്നും താരം കുറിച്ചു.
ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി 51 പേരടങ്ങുന്ന സംഘമാണ് ജോർദാനിലേക്ക് പോയിരുന്നത്. രണ്ട് മാസത്തിലേറെയായി സംഘം ഇവിടെത്തന്നെയായിരുന്നു. ഇടയ്ക്ക് കൊവിഡ് കാരണം ഷൂട്ടിംഗ് മുടങ്ങിയെങ്കിലും വീണ്ടും ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു.
തുടർന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് സംഘം കേരളത്തിൽ തിരിച്ചെത്തിയത്. താൻ ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ പൂർത്തിയാക്കിയ വിവരവും പൃഥ്വി സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു. ഇനിയുള്ള ഒരാഴ്ച വീടിന് സമീപത്തായുള്ള ഔട്ട് ഹൗസിലാണ് പൃഥ്വി കഴിയുന്നത്. ഇപ്പോള്‍ ആകെ പന്ത്രണ്ട് ദിവസത്തെ ക്വാറന്‍റൈൻ താരം പൂര്‍ത്തിയാക്കികഴിഞ്ഞിട്ടുണ്ട്. അതിനിടെയാണ് കൊവിഡ് ടെസ്റ്റ് ഫലം പൃഥ്വി പങ്കുവെച്ചിരിക്കുന്നത്.