fire

കൊല്ലം: പരവൂർ പൂതക്കുളം സർവീസ് സഹകരണ ബാങ്ക് ഓഫീസിൽ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്.ബാങ്കിലെ താൽക്കാലിക കളക്ഷൻ ഏജന്റായി ജോലിനോക്കുകയായിരുന്നു ഇവർ.ഇന്ന് ഉച്ചക്ക് രണ്ട്മണിയോടെയായിരുന്നു സംഭവം. സ്കൂട്ടറിൽ ബാങ്കിനുമുന്നിലെത്തിയ ഇവർ താക്കോൽ സെക്യൂരിറ്റിയെ ഏൽപ്പിച്ചശേഷം ബാങ്കിനുള്ളിൽ കയറി കൈയിൽ കരുതിയിരുന്ന പെട്രോൾ പൊടുന്നനെ ശരീരത്തിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഈ സമയം ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരും ആളുകളും എമർജൻസി എക്സിറ്റ് വഴി ഓടി പുറത്തിറങ്ങി. മറ്റാർക്കും പരുക്കില്ല.സത്യവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ജോലിയിൽ സ്ഥിരപ്പെടുത്താത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയുടെ കാരണമെന്നാണ് ബന്ധുക്കളിൽ ചിലർ ആരോപിക്കുന്നത്.അടുത്തിടെ ബാങ്കിൽ ചില സ്ഥിര നിയമനങ്ങൾ നടന്നിരുന്നു. ഇതിലേക്ക് സത്യവതിയെ പരിഗണിക്കുമെന്നാണ് ബാങ്ക് അധികൃതർ പറഞ്ഞിരുന്നത്.എന്നാൽമറ്റുചിലർക്കാണ് നിയമനം നൽകിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.

ബാങ്ക് ഭരണസമിതി അംഗങ്ങളും സത്യവതിയുടെ ബന്ധുക്കളും തമ്മിൽ ബാങ്കിനുമുന്നിൽ ചെറിയതോതിൽ ഉന്തും തള്ളും ഉണ്ടായതായി റിപ്പോർട്ടുണ്ട്. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് മേൽ നടപടികൾസ്വീകരിച്ചു.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.