cpi

കൊല്ലം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് യോഗങ്ങൾ കൂടാൻ നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ സി.പി.ഐ ജില്ലാ കൗൺസിൽ യോഗം ഓൺലൈനായി ചേരാൻ ആലോചന. ഇപ്പോൾ നടക്കുന്ന മെമ്പർഷിപ്പ് പ്രവർത്തനം വിലയിരുത്താനും കൊവിഡ് ആശ്വാസ പ്രവർത്തനങ്ങളും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യാനുമാണ് യോഗം.

സി.പി.ഐയുടെ പാർട്ടി ഭരണഘടന അനുസരിച്ച് രണ്ട് മാസത്തിലൊരിക്കലെങ്കിലും ജില്ലാ കൗൺസിൽ ചേരണം. എന്നാൽ കാമ്പെയിനുകളും മറ്റു ദൈനംദിന സംഘടനാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാൻ മാസത്തിൽ രണ്ട് തവണയെങ്കിലും യോഗം ചേരാറുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ജില്ലാ കൗൺസിൽ യോഗം ചേർന്നിട്ട് രണ്ടേകാൽ മാസം കഴിഞ്ഞു. അസാധാരണ സാഹചര്യമായതിനാൽ പാർട്ടി ഭരണഘടനയിൽ മുറുകെപ്പിടിക്കാനാകില്ലെന്നാണ് സി.പി.ഐ നേതാക്കളുടെ വിശദീകരണം. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സി.പി.ഐ ജില്ലാ കമ്മിറ്റി നേരിട്ട് കാമ്പെയിനുകളൊന്നും ഏറ്റെടുക്കുന്നില്ല.

കഴിഞ്ഞയാഴ്ച ജില്ലയിലെ മണ്ഡലം സെക്രട്ടറിമാരുടെ യോഗം ഓൺലൈനായി നടത്തിയിരുന്നു. ജില്ലാ കൗൺസിലിൽ 51 അംഗങ്ങളാണുള്ളത്. നേരിട്ട് പാർട്ടി ഓഫീസിൽ യോഗം ചേരണമെങ്കിൽ കുറഞ്ഞത് ഒരുമാസമെങ്കിലും കാത്തിരിക്കേണ്ടി വരും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ അവധിയിൽ പ്രവേശിച്ചതിനാൽ ജില്ലയുടെ ചുമതലയുള്ള സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ. ചന്ദ്രമോഹനാണ് ഇപ്പോൾ താത്കാലിക ചുമതല വഹിക്കുന്നത്.

''

ജില്ലാ കൗൺസിൽ യോഗം ഓൺലൈനായി ചേരാൻ ആലോചനയുണ്ടെങ്കിലും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

കെ.ആർ. ചന്ദ്രമോഹൻ

സി.പി.ഐ ജില്ലാ ആക്ടിംഗ് സെക്രട്ടറി