പത്തനാപുരം: സഞ്ചാരികളുടെ കണ്ണുകൾക്ക് സൂര്യകാന്തി പകർന്ന സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപാടങ്ങൾ ഇത്തവണ പൂവിടില്ല. കണ്ണെത്താ ദൂരത്തോളം നിറഞ്ഞ കാഴ്ചകൾ സമ്മാനിച്ച തമിഴ് പൂപ്പാടങ്ങൾ ഇത്തവണ പരുത്തിക്കും ചോളത്തിനും വഴിമാറി.
സുന്ദരപാണ്ഡ്യപുരം, ചുരണ്ട തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ വർഷം പരുത്തിക്കൃഷി ആരംഭിച്ചത്. കഴിഞ്ഞ തവണ വേണ്ടത്ര വിളവ് ലഭിക്കാത്തതും വില കുറഞ്ഞതുമാണ് സൂര്യകാന്തി കൃഷിയിൽ നിന്ന് കർഷകരെ പിൻതിരിയാൻ കാരണം. കൂടാതെ പൂക്കളുടെ വലുപ്പം കുറഞ്ഞതും നഷ്ടത്തിന് കാരണമായി.
കഴിഞ്ഞവർഷം കിലോ 30 രൂപയ്ക്കാണ് പൂക്കൾ വിറ്റത്. മിക്ക കർഷകർക്കും മുടക്ക് മുതൽ പോലും ലഭിച്ചില്ല.
സാമ്പവാർ വടകരയ്ക്ക് സമീപം ഏതാനും കർഷകർ മാത്രമാണ് ചെറിയ രീതിയിൽ ഇത്തവണ സൂര്യകാന്തി വിതച്ചിരിക്കുന്നത്. സഞ്ചാരികളുടെ കൂട്ടത്തോടെയുള്ള ഒഴുക്ക് മൂലം കഴിഞ്ഞ തവണ വലിയ നഷ്ടമാണ് കർഷകർക്ക് വന്നത്. ഫോട്ടോയെടുക്കുന്നതിനും മറ്റും പാടത്തിറങ്ങുന്ന സഞ്ചാരികൾ ചെടികൾ നശിപ്പിക്കുന്നതും പൂക്കളിറുക്കന്നതുമാണ് കർഷകർക്ക് വിനയായത്.
വില: 30 രൂപ (കിലോഗ്രാം)
(കഴിഞ്ഞവർഷം)
രാസവളം ജൈവാംശം നഷ്ടപ്പെടുത്തി
അമിത അളവിലെ രാസവള പ്രയോഗത്തിലൂടെ മണ്ണിലെ ജൈവാംശം നഷ്ടപ്പെട്ടതാണ് പൂക്കളുടെ വലുപ്പം കുറയാൻ കാരണം. ഇത് വിലക്കുറവിനും കാരണമായി. പൂക്കൾക്ക് ആവശ്യക്കാരേറിയതും വിപണിയിൽ ഡിമാന്റ് ഉയർന്നതുമാണ് ഉത്പാദനം വർദ്ധിപ്പിക്കാൻ രാസവളപ്രയോഗം നടത്തിയത്. അപ്രതീക്ഷിത വിളവ് ലഭിച്ചെങ്കിലും ക്രമേണ പൂക്കളുടെ വലിപ്പം കുറഞ്ഞു. കീടനാശിനി പ്രയോഗവും തിരിച്ചടിയായി. തേനീച്ചകൾ അകന്നതോടെ പരാഗണത്തെയും ബാധിച്ചു.
ഉപയോഗം
സൺഫ്ളവർ ഓയിൽ
സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണം
അലങ്കാരവസ്തുക്കൾ
ബൊക്കെ
''
വിളവ് കുറഞ്ഞതും നഷ്ടം കൂടിയതും കർഷകെ സൂര്യകാന്തി കൃഷിയിൽ നിന്ന് പിന്തിരിപ്പിച്ചു. ഹെക്ടർ കണക്കിന് പാടങ്ങളാണ് തരിശ് കിടക്കുന്നത്.
ശെന്തിൽ,
സൂര്യകാന്തി കർഷകൻ