ഇന്ന് പശ്ചിമബംഗാളിലേക്ക് നോൺ സ്റ്റോപ്പ് ട്രെയിൻ
കൊല്ലം: ട്രെയിൻ ഗതാഗതത്തിൽ ഈമാസം എട്ടിന് കാര്യമായ മാറ്റം വരാൻ സാദ്ധ്യതയുള്ളതിനാൽ അന്യസംസ്ഥാന തൊഴിലാളികളെ അതിന് മുൻപ് നാട്ടിലെത്തിക്കാൻ ധൃതഗതിയിൽ നീക്കം പുരോഗമിക്കുന്നു.
ജില്ലയിൽ നാട്ടിലേക്ക് മടങ്ങാൻ താല്പര്യം പ്രകടിപ്പിച്ച പതിനായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളിൽ പകുതിയോളം പേരെ മടക്കി അയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 നാണ് ജില്ലയിൽ നിന്ന് ആദ്യമായി അന്യസംസ്ഥാന തൊഴിലാളികളുമായി നോൺ സ്റ്റോപ്പ് ട്രെയിൻ പുറപ്പെട്ടത്. ഇതുവരെ പശ്ചിമബംഗാളിലേക്ക് മാത്രം കൊല്ലത്ത് നിന്ന് മൂന്ന് ട്രെയിൻ പുറപ്പെട്ടു. ഇന്നും പശ്ചിമ ബംഗാളിലേക്ക് ഒരു നോൺ സ്റ്റോപ്പ് ട്രെയിനുണ്ട്.
ഇന്നലെ 287 ഉത്തർപ്രദേശുകാരെ തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനിൽ യാത്രയാക്കി. ഇന്ന് ഒഡിഷയിലേക്ക് ട്രെയിനുണ്ട്. ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ തൊഴിൽ വകുപ്പ് നടത്തിയ കണക്കെടുപ്പ് പ്രകാരം 19,000 അന്യസംസ്ഥാനക്കാരാണ് ജില്ലയിൽ വിവിധ തൊഴിലാളി ക്യാമ്പുകളിലായി കഴിയുന്നത്. ഇവരിൽ ഭൂരിഭാഗവും കെട്ടിട നിർമ്മാണം, ഹോട്ടൽ, മത്സ്യബന്ധന മേഖലകളിൽ പണിയെടുക്കുന്നവരാണ്. ലോക്ക് ഡൗണിൽ ഇളവ് വന്നതോടെ കെട്ടിട നിർമ്മാണം, മത്സ്യബന്ധന മേഖലകളിലുള്ള ഒരുവിഭാഗം നാട്ടിലേക്കുള്ള മടക്കയാത്രയിൽ നിന്ന് പിന്മാറിയിട്ടുണ്ട്.