employee

കൊല്ലം: സ്ഥിര നിയമനം നൽകാത്തതിൽ മനംനൊന്ത് സഹകരണ ബാങ്ക് കെട്ടടിത്തിനുള്ളിൽ താത്കാലിക ജീവനക്കാരി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ പൂതക്കുളം ശാസ്താംകുളത്തിനു സമീപം പന്നിവിള കിഴക്കതിൽ വീട്ടിൽ സത്യവതിയാണ് (56) ബാങ്കിന്റെ ആസ്ഥാന മന്ദിരത്തിനുള്ളിൽ ജീവനൊടുക്കിയത്.

പൂതക്കുളം ജംഗ്ഷനിലെ ബാങ്ക്‌ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിലേക്കുള്ള സ്റ്റെപ്പിനും വാതിലിനും ഇടയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ സത്യവതി മുകളിലേക്കു കയറി വാതിലിനു സമീപത്തെത്തി പൊടുന്നനെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഉച്ചത്തിലുള്ള ശബ്ദവും നിലവിളിയും കേട്ട് പുറത്തേക്കിറങ്ങിയ ബാങ്ക് ജീവനക്കാർ മറ്റൊരു വഴിയിലൂടെ താഴേക്കിറങ്ങി. എയർ കണ്ടീഷൻ ചെയ്ത ബാങ്ക് മുറിക്കുള്ളിലായിരുന്നു ആത്മഹത്യയെങ്കിൽ കെട്ടിടമൊന്നാകെ കത്തിനശിച്ചേനെ.

20 വർഷമായി ബാങ്കിലെ കളക്ഷൻ ഏജന്റാണ് സത്യവതി. ഒരു വർഷം മുൻപ് കളക്ഷൻ ഏജന്റുമാരെ സ്ഥിരപ്പെടുത്താൻ സർക്കാർ ഉത്തരവിട്ടു. 17 കളക്ഷൻ ഏജന്റുമാരാണ് അപ്പോൾ ബാങ്കിലുണ്ടായിരുന്നത്. ഇവരിൽ ഒരാളെ ബാങ്ക് ഭരണസമിതി സ്ഥിരപ്പെടുത്തി. ഇതിനെതിരെ സത്യവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇൻക്വസ്റ്റിനുശേഷം വൈകിട്ട് അഞ്ചരയോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആട്ടോഡ്രൈവറായ മോഹനചന്ദ്രൻ നായരാണ് ഭർത്താവ്. അനൂപ്, ​അശ്വതി എന്നിവർ മക്കളാണ്.