navas

ശാസ്താംകോട്ട: ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും പരമ്പരാഗത മേഖലയായ ഈറ്റ തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമായി തുടരുന്നു. ഈറ്റ വിതരണം നിലച്ചതോടെയാണ് തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിലായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് കുടുംബങ്ങളാണ് ഡിപ്പോയിൽ നിന്ന് ഈറ്റ വാങ്ങി കുട്ട, വട്ടി, മുറം തുടങ്ങിയ ഉത്പന്നങ്ങൾ നിർമ്മിച്ച് വില്പന നടത്തി ജീവിക്കുന്നത്. ലോക്ക് ഡൗണിന് മുമ്പ് കിട്ടിയ ഈറ്റകൾ ഉപയോഗിച്ചാണ് സാമൂഹിക അകലം പാലിച്ച് വീടുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത്. പ്രത്യേക സാഹചര്യത്തിൽ പരമ്പരാഗത ഈറ്റ തൊഴിലാളികൾക്ക് സൗജന്യമായി ഈറ്റ വിതരണം ചെയ്യണമെന്നാണ് പൊതുവായ ആവശ്യം.

നിലവിലെ പ്രതിസന്ധി മാറുന്നതുവരെ തൊഴിലാളികൾക്ക് സൗജന്യമായി ഈറ്റ വിതരണം ചെയ്യണം. ഇവരുണ്ടാക്കുന്ന ഉത്പന്നങ്ങൾ കോർപ്പറേഷനിലൂടെ വിൽക്കാനുള്ള സൗകര്യമൊരുക്കണം.

പി.കെ. രവി, ഡി.സി.സി ജനറൽ സെക്രട്ടറി

ഈറ്റ വാങ്ങാൻ പണമില്ല

ഘട്ടം ഘട്ടമായി ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജില്ലയിലെ ബാംബു കോർപ്പറേഷന്റെ ശാസ്താംകോട്ട ഡിപ്പോയിൽ ഈറ്റ വിതരണം പുനരാരംഭിച്ചെങ്കിലും ലോക്ക് ഡൗണിൽ പട്ടിണിയിലായ തൊഴിലാളികൾക്ക് ഈറ്റ വാങ്ങാൻ പണമില്ലാത്ത അവസ്ഥയാണ്. നിലവിലെ പ്രതിസന്ധി മാറുന്നതുവരെ തൊഴിലാളികൾക്ക് സൗജന്യമായി ഈറ്റ വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. ജീവിതം ദുരിതപൂർണമാണെന്നും സർക്കാർ ഇടപെടണമെന്നുമാണ് ഈറ്റത്തൊഴിലാളികളുടെ ആവശ്യം.

ധനസഹായം ലഭിച്ചിട്ടില്ല

ബാംബു കോർപ്പറേഷൻ പരമ്പരാഗത തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഈറ്റ നൽകാറുണ്ട്. എന്നാൽ ലോക്ക് ഡൗണിൽ വ്യാപാര മേഖല പ്രതിസന്ധിയിലായതോടെ ഈറ്റ വാങ്ങാൻ മുമ്പ് ഇവരെ സമീപിച്ചിരുന്ന കച്ചവടക്കാർ എത്തുന്നില്ല. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല.