mother

കൊല്ലം: അപ്പൂപ്പൻ രാവിലെ ആവലാതിയോടെ കതക് തട്ടിത്തുറന്നപ്പോൾ മൂന്നുവയസുകാരി അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്നു, ഇനിയൊരിക്കലും അമ്മയുടെ ചൂടേറ്റുറങ്ങാൻ കഴിയില്ലെന്നറിയാതെ. മകൾ സുജിനി മരിച്ചുകിടക്കുന്ന കാഴ്ച കണ്ട് കൊച്ചുമകളെ കോരിയെടുക്കുമ്പോൾ ആ പിതൃഹൃദയം വല്ലാതെ തേങ്ങി. മരുമകൻ സുനിൽ തൂങ്ങിയ നിലയിലായിരുന്നു. തന്നെ തനിച്ചാക്കി അച്ഛനും അമ്മയും പോയത് ഇപ്പോഴും അശ്വതി അറിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവരുടെ കരവലയത്തിനുള്ളിലാണെങ്കിലും വന്നുപോകുന്നവർക്കിടയിൽ അവൾ അമ്മയെയും അച്ഛനെയും തേടുന്നുണ്ട്. അമ്മയെ കാണാതെ ഇടയ്ക്കിടെ കരയുന്നുമുണ്ട്. പിഞ്ചോമനയുടെ കരച്ചിൽ മാറ്റാൻ ശ്രമിക്കുമ്പോൾ കൂടി നിൽക്കുന്നവരും വിതുമ്പലടക്കാൻ പാടുപെടുകയാണ്. പുലർച്ചെ പാൽ വാങ്ങി സുനിൽ വീട്ടിലേക്ക് പോകുന്നത് നാട്ടുകാരിൽ പലരും കണ്ടിരുന്നു. പിന്നീട് സുജിനിയുടെ പിതാവ് എത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. വാർത്ത പരന്നതോടെ വീട്ടിലേക്ക് ജനങ്ങൾ ഓടിയെത്തി. രാത്രിയിലുണ്ടായ കുടുംബവഴക്കിനിടെ സുനിലിന്റെ അടിയേറ്റ് സുജിനി മരിച്ചെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സുജിനി മരിച്ചെന്നറിയാതെയാണ് സുനിൽ രാവിലെ പാല് വാങ്ങാൻ പോയതെന്ന് കരുതുന്നു. പാൽ വാങ്ങി വന്ന് വിളിച്ചപ്പോൾ സുജിനി മരിച്ചെന്ന് മനസിലാക്കിയാകാം അമ്മയെ വിളിച്ചത്. തുടർന്നാണ് ജീവനൊടുക്കാൻ തീരുമാനിച്ചത്. ഏഴംകുളം സ്വദേശിയായ സുനിൽ കാർപ്പെന്റർ തൊഴിലാളിയാണ്.