school
ആലപ്പാട് ചെറിയഴീക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്ളാസ് മുറിയിലിരുന്ന് പഠിക്കുന്ന ലിഖിത്ത്

ഓച്ചിറ: ഓൺലൈൻ ക്ളാസുകളിലേക്ക് വിദ്യാഭ്യാസം വഴിമാറിയെങ്കിലും പത്താം ക്ളാസ് വിദ്യാർത്ഥിയായ ലിഖിത്ത് എന്നും സ്കൂളിലേക്ക് പോകുകയാണ്. വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ സ്കൂൾ അധികൃതർ ഒരുക്കിയ ക്ളാസ് മുറിയിൽ തനിച്ചിരുന്ന് പഠിക്കാൻ.

ആലപ്പാട് ചെറിയഴീക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ചെറിയഴീക്കൽ മുണ്ടകത്തിൽ വീട്ടിൽ പരേതനായ ബിനുവിന്റെ മകൻ ലിഖിത്ത്. ലിഖിത്തിന് നാല് വയസുള്ളപ്പോഴാണ് മത്സ്യത്തൊഴിലാളിയായ പിതാവ് മരണപ്പെട്ടത്. മാതാവിന്റെ തുച്ഛമായ വരുമാനത്തില്ലാണ് അമ്മയും മകനുമടങ്ങിയ കുടുംബം ജീവിതം തിള്ളിനീക്കുന്നത്.

കൊവിഡ് കാലത്ത് ക്ളാസുകൾ ടെലിവിഷൻ - ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതോടെ പഠനം മുടങ്ങുമോയെന്ന ആശങ്കയിലായി ലിഖിത്ത്. എന്നാൽ പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന ലിഖിത്തിന്റെ അവസ്ഥ മനസിലാക്കിയ സ്കൂൾ അധികൃതർ പ്രത്യേകം ക്ലാസ് മുറി ഒരുക്കി നൽകുകയായിരുന്നു. നൂറ് കണക്കിന് കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ തനിച്ചിരുന്ന് പഠിക്കേണ്ട വിഷമത്തിലാണ് ലിഖിത്ത്.

 ലിഖിത്തിന് ലഭിക്കും പുത്തൻ ടിവി

ലിഖിത്തിന്റെ സങ്കടം കേട്ടറിഞ്ഞ കോൺഗ്രസ് നേതാവും ആലപ്പാട് സർവീസ് സഹകരണ ബാങ്ക് ഓണററി സെക്രട്ടറിയുമായ അറുമുഖൻ കെ.പി.സി.സി സെക്രട്ടറി സി.ആർ. മഹേഷിനെ വിവരം അറിയിച്ചു. തുടർന്ന് നാളെത്തന്നെ ടിവി വാങ്ങി വീട്ടിൽ എത്തിക്കാമെന്ന് അദ്ദേഹം അറിയിച്ചു. കൂട്ടുകാരെ പോലം തനിക്കും വീട്ടിലിരുന്ന് പഠിക്കാമെന്ന സന്തോഷത്തിലാണ് ലിഖിത്ത്.