കൊല്ലം: സഹകരണ ബാങ്കിനുള്ളിൽ വച്ച് താത്കാലിക ജീവനക്കാരി തീകൊളുത്തി ജീവനൊടുക്കിയത് സ്ഥിരപ്പെടുത്താത്തതിലുള്ള പ്രതിഷേധത്തിൽ. പൂതക്കുളം സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ പൂതക്കുളം പന്നിവിള കിഴക്കതിൽ അയ്യപ്പന്റെ ഭാര്യ സത്യദേവിയാണ്(55) ഇന്ന് ഉച്ചയ്ക്ക് ബാങ്കിനുള്ളിൽ വച്ച് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
വർഷങ്ങളായി കളക്ഷൻ ഏജന്റായി ജോലി ചെയ്യുന്ന സത്യദേവിയെ സ്ഥിരപ്പെടുത്തുന്നതിനെ ചൊല്ലി തർക്കവും കോടതി നടപടികളും നടന്നുവന്നിരുന്നതാണ്. സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ ബാങ്ക് സ്ഥിരപ്പെടുത്തുകയുണ്ടായി. ഇതിനെതിരെ സത്യദേവി ഹൈക്കോടതിയെ സമീപിച്ചു. അനുകൂല വിധി നേടിയെങ്കിലും സ്ഥിരപ്പെടുത്തിയ ജീവനക്കാരൻ ഹൈക്കോടതിയിൽ നിന്നും ഇതിന് സ്റ്റേ ഉത്തരവ് വാങ്ങി. ഇതിന്റെ പ്രതിഷേധത്തിലാണ് സത്യദേവി ഉച്ചയ്ക്ക് പെട്രോളുമായി ബാങ്കിലേക്ക് എത്തിയത്. ജീവനക്കാരുമായി സംസാരിച്ചു നിൽക്കുന്നതിനിടയിലാണ് പെട്രോൾ ശരീരത്തേക്ക് ഒഴിച്ച് തീ കൊളുത്തിയത്.
തീ ആളിപ്പടർന്നതോടെ മറ്റ് ജീവനക്കാർ ഓടി പുറത്തേക്കിറങ്ങി. തീ കെടുത്താനുള്ള ശ്രമങ്ങളും ഫലംകണ്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അനൂപ്, അശ്വനി എന്നിവരാണ് സത്യദേവിയുടെ മക്കൾ.