goonda

 യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ തുടർ ആക്രമണങ്ങൾ

കൊല്ലം: ഇടക്കാലത്തിന് ശേഷം നഗരത്തിൽ വീണ്ടും ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടം. ചൊവ്വാഴ്ച രാത്രി കടപ്പാക്കടയിൽ യുവാവിനെ വീടുകയറി കുത്തിക്കൊലപ്പെടുത്തിയതിന്റെ തുടർച്ചയായി ഇന്നലെ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

കടപ്പാക്കട സ്വദേശി ഉദയകിരണിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ മൊട്ട വിഷ്ണുവിന്റെ വീട് ഒരു സംഘമാളുകൾ ഇന്നലെ രാവിലെ 11 മണിയോടെ ആക്രമിച്ചു. ഉദയകിരണിനൊപ്പം ഉണ്ടായിരുന്നവർ നടത്തിയ പ്രത്യാക്രമണത്തിൽ പരിക്കേറ്റ വിഷ്ണു ചികിത്സയിലാണ്. ഇയാളുടെ കുടുംബാംഗങ്ങൾക്കും സാരമായ പരിക്കുണ്ട്.

ഇതിന് പിന്നാലെ കൊല്ലപ്പെട്ട ഉദയകിരണിന്റെ സുഹൃത്തായ കടപ്പാക്കട സ്വദേശിയുടെ വീടുകയറിയും ആക്രമണമുണ്ടായി. ഇന്നലെ സന്ധ്യയോടെ ഉദയകിരണിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും സംഘർഷാന്തരീക്ഷമുണ്ടായി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നൂറു കണക്കിന് പേർ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. എ.സി.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

 ഗുണ്ടകളുടെ പ്രായം 18 - 25, പലരും ലഹരിയുടെ ലോകത്ത്

18നും 25നും ഇടയിൽ പ്രായമുള്ളവരുടെ സംഘങ്ങളാണ് നഗരത്തിൽ ഇപ്പോൾ വിഹരിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ലഹരിയുടെ അടിമകളാണ്. പ്രത്യേകിച്ച് ജോലികൾക്കൊന്നും പോകാത്ത ഇവരുടെ പ്രധാന വരുമാന മാർഗം കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ കച്ചവടവും.

വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകരും ഇക്കൂട്ടത്തിലുണ്ട്. കഞ്ചാവ് കേസിൽ പിടിയിലായാലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പുറത്തിറങ്ങി കച്ചവടം തുടരുന്നതാണ് പതിവ്. ഇവർ തമ്മിലുള്ള സംഘർഷങ്ങൾ പലപ്പോഴും പൊലീസിന് മുന്നിലേക്ക് എത്താതെ പ്രത്യാക്രമണം നടത്തി കണക്കുതീർക്കുകയാണ് പതിവ്. ഇന്നലെ യുവാവ് കുത്തേറ്റ് മരിച്ചതോടെയാണ് വീണ്ടും ഗുണ്ടാസംഘങ്ങൾ പരസ്യമായ സംഘർഷങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്.