കൊല്ലം: കൊവിഡ് കാലത്ത് രണ്ട് കൊലപാതകങ്ങളുടെയും രണ്ട് ആത്മഹത്യകളുടെയും വിവരം അറിഞ്ഞതിന്റെ ഞെട്ടലിലായിരുന്നു ഇന്നലെ കൊല്ലത്തുകാർ. ദാരുണവും ക്രൂരവുമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിയുന്നതിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകും മുമ്പെയാണ് മറ്റു രണ്ട് കൊലപാതകങ്ങൾ ഒരേ ദിവസം നടന്നത്. അഞ്ചൽ ഏറത്ത് ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ സംഭവം കേരളമാകെ ചർച്ചയാകുന്നതിനിടെയാണ് അഞ്ചലിൽ തന്നെ മറ്റൊരു കൊലപാതകം നടന്നത്. അഞ്ചൽ ഇടമുളയ്ക്കൽ കൈപ്പള്ളി ജംഗ്ഷന് സമീപം വാടക വീട്ടിൽ താമസിക്കുന്ന സജിനിയാണ് (24) ഭർത്താവിന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സജിനിക്ക് ഭർത്താവ് സുനിലിന്റെ മർദ്ദനമേറ്റത്. ഭാര്യ മരിച്ച വിവരം സുനിൽ അറിയുന്നത് ഇന്നലെ പുലർച്ചെയാണ്. മനോവിഷമത്തിൽ അയാൾ രാവിലെ ഏഴോടെ തൂങ്ങിമരിക്കുകയായിരുന്നു.
കടപ്പാക്കടയിൽ ഗുണ്ടാ സംഘത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ച വാർത്ത കേട്ടാണ് ബുധനാഴ്ച കൊല്ലം ഉണർന്നത്. കിളികൊല്ലൂർ എസ്. വി ടാക്കീസിനു സമീപം കോതോത്ത് നഗർ 51 ൽ കിച്ചു എന്ന ഉദയകിരണാണ് (25) കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ പുള്ളിക്കട സ്വദേശി മൊട്ട വിഷ്ണുവും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.
ഇതിനിടെ ഉച്ചയോടെയാണ് കൊല്ലം പരവൂർ പൂതക്കുളത്ത് സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരിയായ പൂതക്കുളം പന്നിവിള കിഴക്കതിൽ സത്യവതി (50) ബാങ്കിന് പുറത്ത് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. ജോലിയിൽ സ്ഥിരപ്പെടുത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു ആത്മാഹൂതി.
കൊല്ലത്തെ ഞെട്ടിച്ചത് ചില്ലറയൊന്നുമല്ല. കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്നലെത്തെ ചുടേറിയ സംസാരവും കൊല്ലത്തെ അനിഷ്ട സംഭവങ്ങളായിരുന്നു.